ദുബായിലെ വാഹനാപകടം: പാകിസ്ഥാന്‍ പൗരന് 35,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ദുബായിലെ വാഹനാപകടം: പാകിസ്ഥാന്‍ പൗരന് 35,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

11/3/2025

ദുബായ്: ദുബായ് സ്റ്റുഡിയോ സിറ്റിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് സമാൻ അൻജാം ഗുലാം അലിക്ക് (Muhammad Zaman Anjam Ghulam Ali) 35,000 ദിർഹം (ഏകദേശം 26 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. YAB ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലാണ് ഈ വിധിക്ക് വഴിയൊരുക്കിയത്.

2023 സെപ്റ്റംബർ 6 വ്യാഴാഴ്ച ദുബായ് സ്റ്റുഡിയോ സിറ്റിക്ക് സമീപം സിറിയൻ സ്വദേശി ഓടിച്ച കാറുമായി മോട്ടോർ സൈക്കിൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. റൗണ്ട് എബൗട്ട് ഒഴിഞ്ഞുകിടക്കുന്നില്ലെന്ന് ഉറപ്പാക്കാതെ അതിലേക്ക് പ്രവേശിച്ച സിറിയൻ സ്വദേശിയായ കാർ ഡ്രൈവറാണ് അപകടത്തിന് കാരണക്കാരനെന്ന് കണ്ടെത്തി. ശരിയായ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന മോട്ടോർ സൈക്കിൾ യാത്രികൻ മുഹമ്മദ് സമാൻ അപകടത്തിൽപ്പെടുകയായിരുന്നു.

അപകടത്തെ തുടർന്ന് മുഹമ്മദ് സമാന് കാലിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ആദ്യം NMC ജബൽ അലിയിലേക്ക് മാറ്റുകയും, തുടർന്ന് റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ട്രാഫിക് ക്രിമിനൽ കേസിൽ അപകടത്തിന് കാരണക്കാരനായ സിറിയൻ സ്വദേശിയായ കാർ ഡ്രൈവർക്ക് $2000$ ദിർഹംസ് ഫൈൻ ചുമത്തിയിരുന്നു.

ഇതിനെത്തുടർന്ന്, സമാന്റെ ബന്ധുക്കൾ UAE യിലെ YAB ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. കേസ് ഏറ്റെടുത്ത അദ്ദേഹം, മുഹമ്മദ് സമാന്റെ ഫോറൻസിക് റിപ്പോർട്ട്, ക്രിമിനൽ കേസ് വിധി റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള മതിയായ രേഖകൾ സഹിതം ഇൻഷുറൻസ് നഷ്ടപരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തു.

നഷ്ടപരിഹാര വിധി:

വാദങ്ങളും രേഖകളും പരിശോധിച്ച കോടതി, മുഹമ്മദ് സമാന് 35,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ വിധിച്ചു. കൂടാതെ, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നതുവരെ 5 ശതമാനം പലിശയും 500 ദിർഹംസ് അഡ്വക്കറ്റ് ഫീസും നൽകാനും കോടതി ഉത്തരവിട്ടു.

വിധി ചോദ്യം ചെയ്തുകൊണ്ട് എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും, മുഹമ്മദ് സമാന്റെ അഭിഭാഷകൻ സമർപ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ തള്ളിക്കളയുകയായിരുന്നു.