റാസൽഖൈമ വാഹനാപകടം: ഫിലിപ്പീൻസ് സ്വദേശിനിയുടെ കുടുംബത്തിന് 4 ലക്ഷം ദിർഹം നഷ്ടപരിഹാരം

റാസൽഖൈമ വാഹനാപകടം: ഫിലിപ്പീൻസ് സ്വദേശിനിയുടെ കുടുംബത്തിന് 4 ലക്ഷം ദിർഹം നഷ്ടപരിഹാരം

4/27/2026

റാസൽഖൈമ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഫിലിപ്പീൻസ് സ്വദേശിനി അർലിൻ ഗ്വാൻ സിൽവെസ്ട്രെയുടെ കുടുംബത്തിന് നാല് ലക്ഷം ദിർഹം (ഏകദേശം 66 ലക്ഷം ഫിലിപ്പീൻ പെസോ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

2024 മെയ് 23-ന് രാത്രിയായിരുന്നു ദാരുണമായ സംഭവം. ബംഗ്ലാദേശ് സ്വദേശി ഓടിച്ചിരുന്ന വാഹനത്തിൽ അർലിൻ ജോൺ, ബേബി അലിൻ എന്നിവർ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ എയർപോർട്ട് റോഡിലെ റെഡ് സിഗ്നൽ ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്ത ഡ്രൈവറുടെ അശ്രദ്ധ മൂലം വാഹനം ഒരു ട്രക്കിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അർലിനും ബേബിയും മരണപ്പെട്ടു.

അശ്രദ്ധമായി വാഹനമോടിച്ച ബംഗ്ലാദേശ് സ്വദേശിക്ക് 5,000 ദിർഹം പിഴയും, മരണപ്പെട്ട രണ്ടുപേരുടെയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം ദിർഹം വീതം ദിയാമണി (ബ്ലഡ് മണി) നൽകാനും ക്രിമിനൽ കോടതി ഉത്തരവിട്ടു. കൂടാതെ, അശ്രദ്ധമായ കൊലപാതകത്തിന് ശിക്ഷയായി രണ്ട് മാസം തുടർച്ചയായി നോമ്പ് നോൽക്കാനും കോടതി വിധിച്ചു.

ദിയാമണി തുക അനന്തരാവകാശികൾക്ക് ലഭ്യമാക്കുന്നതിനായി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ തരികാത് കേസ് രജിസ്റ്റർ ചെയ്യുകയും ആവശ്യമായ ലീഗൽ ഹയേഴ്സ് സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോർണി തുടങ്ങിയ രേഖകൾ സമർപ്പിക്കുകയും ചെയ്തു. ഇതിലൂടെ രണ്ട് ലക്ഷം ദിർഹം ദിയാമണി കുടുംബത്തിന് ലഭ്യമാക്കി.

എന്നാൽ, ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് അതോറിറ്റിയെ സമീപിക്കുകയും സിവിൽ കോടതിയിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി, നേരത്തെ വിധിച്ച ദിയാമണിക്ക് പുറമെ രണ്ട് ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി അധികമായി നൽകണമെന്ന് ഉത്തരവിട്ടു. ഇതോടെ അർലിന്റെ കുടുംബത്തിന് ലഭിക്കുന്ന ആകെ തുക നാല് ലക്ഷം ദിർഹമായി ഉയർന്നു.