അബുദാബി അപകടം: കാൽനടയാത്രക്കാരനെ ബസ്സ് ഇടിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശിക്ക് 40 ലക്ഷം ബംഗ്ലാദേശ് ടാക്ക നഷ്ടപരിഹാരം

അബുദാബി അപകടം: കാൽനടയാത്രക്കാരനെ ബസ്സ് ഇടിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശിക്ക് 40 ലക്ഷം ബംഗ്ലാദേശ് ടാക്ക നഷ്ടപരിഹാരം

11/2/2025

അബുദാബി: 2023 നവംബർ 8-ന് അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് പൗരനായ മൊഷാഹിദ് ഹൊർമുസ് അലിക്ക് (Moshaed Hormus Ali) ഒരു ലക്ഷത്തി ഇരുപതിനായിരം ദിർഹം (ഏകദേശം 40 ലക്ഷം ബംഗ്ലാദേശ് ടാക്ക) നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് തർക്കപരിഹാര കോടതി വിധിച്ചു.

സംഭവം ഇങ്ങനെ:

2023 നവംബർ 8-ന് മൊഷാഹിദ് ഹൊർമുസ് അലി ഇൻഡസ്ട്രിയൽ ഏരിയയിലെ സർവീസ് റോഡിൽ കാൽനടയായി സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് അമിതവേഗത്തിലെത്തിയ ബസ് ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. പാകിസ്താൻ സ്വദേശിയായ ബസ് ഡ്രൈവറുടെ അശ്രദ്ധയും നിയമലംഘനവുമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി.

അപകടത്തെ തുടർന്ന് തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ മൊഷാഹിദിനെ അടിയന്തരമായി ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിന് സംഭവിച്ച ക്ഷതം കാരണം അദ്ദേഹത്തിന് ഇടത് ചെവിയുടെ കേൾവിക്ക് 80% വരെ സ്ഥിരമായ വൈകല്യം സംഭവിച്ചതായി മെഡിക്കൽ ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിയമ നടപടികൾ:

ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം അപകടമുണ്ടായതായി ക്രിമിനൽ കോടതി കണ്ടെത്തുകയും ഡ്രൈവർക്ക് 3000 ദിർഹം ഫൈൻ വിധിക്കുകയും ചെയ്തിരുന്നു.

പരിക്ക് ഗുരുതരമായതോടെ മൊഷാഹിദ് ഹൊർമുസ് അലിയുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തിനായി യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. കേസ് ഏറ്റെടുത്ത അദ്ദേഹം, മെഡിക്കൽ ഫോറൻസിക് റിപ്പോർട്ട്, ക്രിമിനൽ കേസ് റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള മതിയായ രേഖകൾ സഹിതം ബസിന്റെ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു.

കേസ് പരിഗണിച്ച ഇൻഷുറൻസ് തർക്കപരിഹാര കോടതി, മൊഷാഹിദിന്റെ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി അദ്ദേഹത്തിന് 1,20,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. കൂടാതെ, 5 ശതമാനം പലിശ, 3850 ദിർഹം മെഡിക്കൽ ചെലവ്, 500 ദിർഹം അഡ്വക്കേറ്റ് ഫീസ് എന്നിവയും നൽകണമെന്നും കോടതി വിധിച്ചു.