അബൂദാബി അപകടത്തില്‍ പാകിസ്താന്‍ സ്വദേശിക്ക് 40,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

അബൂദാബി അപകടത്തില്‍ പാകിസ്താന്‍ സ്വദേശിക്ക് 40,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

7/15/2025

അബൂദാബി: അല്‍ ഷാംഖയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ പാകിസ്താന്‍ സ്വദേശി മുഅളം അലി ഖാന്‍ മുഷ്താഖ് അഹമ്മദിന് 40,000 ദിര്‍ഹം (ഏകദേശം 31 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

2024 ഏപ്രില്‍ 30-നാണ് അല്‍ ഷാംഖയിലെ പബ്ലിക് റോഡില്‍ അപകടമുണ്ടായത്. മുഅളം അലി തന്റെ മോട്ടോര്‍ സൈക്കിളില്‍ റോഡിന്റെ വലത് വശത്തൂടെ സഞ്ചരിക്കുകയായിരുന്നു. മുന്നില്‍ ഒരു എമിറാത്തി സ്വദേശി ഓടിച്ച നിസ്സാന്‍ കാറുണ്ടായിരുന്നു. ഡ്രൈവിംഗിലെ ശ്രദ്ധക്കുറവ് കാരണം മുഅളമിന്റെ മോട്ടോര്‍ സൈക്കിള്‍ കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് മുഅളം അലി ഖാന്റെ കാലിന് പരിക്കേല്‍ക്കുകയും അദ്ദേഹത്തെ അബൂദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തെറ്റ് മുഅളം അലി ഖാന്റെ ഭാഗത്തായത് കൊണ്ട് ക്രിമിനല്‍ കേസില്‍ മുഅളം അലിക്ക് 1000 ദിര്‍ഹം പിഴ ചുമത്തി കോടതി വിട്ടയച്ചു. എന്നാല്‍ ചികിത്സാ ചെലവിനും അല്ലാതെയും സാമ്പത്തികമായി ബുദ്ധിമുട്ടിയ മുഅളം അലി ഖാന് നഷ്ടപരിഹാരമൊന്നും ലഭിച്ചിരുന്നില്ല. അങ്ങനെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ച് കേസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

പരിക്കേറ്റ മുഅളം അലി ഖാന്റെ അഭിഭാഷകന്‍ അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിളിന്റെ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ഇന്‍ഷുറന്‍സ് അതോറിറ്റി, മുഅളം അലിയുടെ വാദം അംഗീകരിക്കുകയും 40,000 ദിര്‍ഹം നഷ്ടപരിഹാരമായും 3850 ദിര്‍ഹം മെഡിക്കല്‍ ചെലവിനുമായി നല്‍കാന്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് ഉത്തരവിടുകയുമായിരുന്നു.