റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം: ഫലസ്തീൻ പൗരന് 40,000 ദിർഹം നഷ്ടപരിഹാരം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം: ഫലസ്തീൻ പൗരന് 40,000 ദിർഹം നഷ്ടപരിഹാരം

7/26/2025

ഷാർജ: ഷാർജയിലെ അൽ തആവുൻ ഏരിയയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ഫലസ്തീൻ പൗരൻ ലൈത് ബഷീർ അൽ സഅദിക്ക് 40,000 ദിർഹം നഷ്ടപരിഹാരം ലഭിച്ചു. അപകടത്തിൽ ഇദ്ദേഹത്തിന് മെഡിക്കലിന് വേണ്ടി ചെലവായ 3850 ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നൽകും.

2024 ജനുവരി 9-നാണ് സംഭവം. ഒറിയാന ഹോട്ടലിനടുത്തുള്ള റൗണ്ട് എബൗട്ടിൽ വെച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന ലൈത് ബഷീർ അൽ സഅദിയെ സിറിയൻ സ്വദേശി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് വലത് കൈക്ക് ഗുരുതരമായ പരിക്കേറ്റു. മസിലുകൾക്ക് ക്ഷയം സംഭവിക്കുകയും, ചലനശേഷി കുറയുകയും, പിടിക്ക് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്തു.

അപകടത്തിന് ശേഷം ലൈത് ബഷീറിനെ ഉടൻ തന്നെ ഫുദൈല ഹോസ്പിറ്റലിലേക്കും പിന്നീട് അജ്മാനിലെ തുമ്പ ഹോസ്പിറ്റലിലേക്കും മാറ്റി. അപകടത്തിന് കാരണമായ സിറിയൻ ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് സംഭവത്തിന് കാരണമായതെന്ന് കണ്ടെത്തി. കൃത്യസമയത്ത് പോലീസിനെ അറിയിക്കാതിരുന്നതും, റോഡ് മുറിച്ചുകടക്കുന്നവരെ പരിഗണിക്കാതെ വാഹനം ഓടിച്ചതും ഡ്രൈവർക്കെതിരെയുള്ള പ്രധാന കുറ്റങ്ങളാണ്.

ഈ സംഭവത്തിൽ സിറിയൻ ഡ്രൈവർക്ക് ക്രിമിനൽ കേസിൽ 2500 ദിർഹം പിഴ ചുമത്തിയിരുന്നു. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് ലൈത് ബഷീർ അൽ സഅദിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിൽ നിർണ്ണായകമായത്. അപകട റിപ്പോർട്ടിന്റെ പകർപ്പ്, ക്രിമിനൽ കേസ് വിധി, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ ബില്ലുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ ലെയ്തിന്റെ അഡ്വക്കറ്റ്‌ കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ രേഖകളുടെയെല്ലാം അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.