ഷാർജ വാഹനാപകടം: നേപ്പാൾ സ്വദേശിക്ക് 40,000 ദിർഹം നഷ്ടപരിഹാരം

ഷാർജ വാഹനാപകടം: നേപ്പാൾ സ്വദേശിക്ക് 40,000 ദിർഹം നഷ്ടപരിഹാരം

9/28/2025

ഷാർജ: ഷാർജയിൽ മോട്ടോര്‍ സൈക്കിള്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി രമേശ് ജോഷിക്ക് 40,000 ദിർഹം (ഏകദേശം 15 ലക്ഷത്തി 40,000 നേപ്പാളീസ് രൂപ) നഷ്ടപരിഹാരം ലഭിക്കാൻ കോടതി വിധി. നഷ്ടപരിഹാര തുക പൂർണമായി അടച്ചുതീർക്കുന്നതുവരെ വിധി വന്ന തീയതി മുതൽ 5% നിയമപരമായ പലിശയും നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

സംഭവം നടന്നത് 2024 ഒക്ടോബർ 5-ന് രാത്രി 8.30-നാണ്. ഒരു റെസ്റ്റോറന്റ് ഡെലിവറി ബോയിയായ രമേശ് ജോഷി സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കും തുർക്‌മെനിസ്ഥാൻ സ്വദേശി ഓടിച്ച കാറുമാണ് ഷാർജ ഇൻഡസ്ട്രിയൽ 2-ൽ വെച്ച് കൂട്ടിയിടിച്ചത്. കൃത്യമായ അകലം പാലിക്കാതെയും ട്രാഫിക് നിയമം തെറ്റിച്ചും കാർ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കോടതി കണ്ടെത്തി കാർ ഡ്രൈവർക്ക് 1000 ദിർഹം ഫൈൻ ചുമത്തിയിരുന്നു.

അപകടത്തെ തുടർന്ന് രമേശ് ജോഷിക്ക് തോളെല്ലിന് സാരമായ പരിക്കേൽക്കുകയും നീർവീക്കവും ചലനശേഷിക്ക് നിയന്ത്രണവും ഉണ്ടാകുകയും ചെയ്തു. അദ്ദേഹത്തെ ആദ്യം കുവൈത്ത് ഹോസ്പിറ്റലിലും പിന്നീട് കൽബ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി.

ശേഷം നഷ്ടപരിഹാരത്തിനായി രമേശ് ജോഷിയുടെ ബന്ധുക്കൾ YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. അദ്ദേഹത്തിന്റെ കീഴിലുള്ള അഭിഭാഷകർ ഇൻഷൂറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയില്‍ സമര്‍പിച്ച രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ്, തുർക്‌മെനിസ്ഥാൻ സ്വദേശിയുടെ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 40,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്.