ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് 40,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് 40,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി

7/31/20251 நிமிடங்கள் வாசிக்கவும்

ദുബായിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാകിസ്താൻ സ്വദേശി അലി നവാസ് മുഹമ്മദ് റിയാസിന് 40,000 ദിർഹം (ഏകദേശം 31 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് ഈ വിധിക്ക് പിന്നിൽ.

അപകട വിവരങ്ങൾ:

2023 സെപ്തംബർ 26-ന് ചൊവ്വാഴ്ച വൈകുന്നേരം ദുബായിലെ ജാഫിലിയ്യ ഏരിയയിൽ (ബർ ദുബായ് പോലീസ് സ്റ്റേഷൻ പരിധിയിൽ) വെച്ചാണ് അപകടം നടന്നത്. ഒരു ഇറാൻ സ്വദേശി ഓടിച്ചിരുന്ന നിസ്സാൻ യാരിസ് കാറും അലി നവാസ് മുഹമ്മദ് റിയാസ് ഓടിച്ചിരുന്ന ഹോണ്ട മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തതിനെ തുടർന്ന് ദിശമാറ്റാൻ ശ്രമിക്കുമ്പോൾ കാർ മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ചതാണ് അപകടകാരണം. പരിക്കേറ്റ അലിയെ ഉടൻ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

പോലീസ് സംഭവസ്ഥലം പരിശോധിച്ചപ്പോൾ അപകടത്തിന് ഇരുവശത്തും തെറ്റുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ക്രിമിനൽ കേസിൽ ഇരു ഡ്രൈവർമാരും കുറ്റക്കാരാണെന്ന് ദുബായ് ക്രിമിനൽ കോടതി കണ്ടെത്തുകയും ഓരോരുത്തർക്കും 1000 ദിർഹം വീതം പിഴ ചുമത്തുകയും ചെയ്തു.

പരിക്ക്:

അലി നവാസ് മുഹമ്മദ് റിയാസിന് ഇടതു കൈയുടെ മുകൾഭാഗത്ത് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു. കൈക്ക് ബലഹീനതയും തോളിലെ സന്ധിയുടെ ചലനങ്ങൾക്ക് പരിമിതികളും അദ്ദേഹത്തിനുണ്ടായി.

നഷ്ടപരിഹാര കേസ്:

അലി നവാസ് മുഹമ്മദ് റിയാസിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി മുഖേന കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. അപകട റിപ്പോർട്ടിന്റെ പകർപ്പ്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, പേയ്‌മെന്റ് രസീതുകൾ എന്നിവ ഉൾപ്പെടുന്ന ആവശ്യമായ എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചു.

കേസ് പരിഗണിച്ച ദുബായ് കോടതി, 40,000 ദിർഹം നഷ്ടപരിഹാരമായി നൽകാനും വിധി വന്ന തീയതി മുതൽ അടച്ചുതീർക്കുന്നത് വരെ 5 ശതമാനം പലിശയും നൽകാനും ഇരുവാഹനങ്ങളുടെയും ഇൻഷുറൻസ് കമ്പനികളോട് (രണ്ട് വാഹനങ്ങൾക്കും ഒരേ ഇൻഷുറൻസ് കമ്പനി) ഉത്തരവിട്ടു.