ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന് 40,000 ദിർഹം നഷ്ടപരിഹാരം
ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന് 40,000 ദിർഹം നഷ്ടപരിഹാരം


ഷാർജ: ഷാർജയിലെ അൽ ഖറാഇൻ 1 ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ സ്വദേശി ശൈഖ് റന ശിയാകുൽ ശൈഖിന് 40,000 ദിർഹം (ഏകദേശം 9.6 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ യുഎഇ ഇൻഷുറൻസ് തർക്ക പരിഹാര കോടതി വിധിച്ചു.
2024 ആഗസ്ത് 10 ശനിയാഴ്ചയാണ് സംഭവം നടന്നത്. ഡെലിവറി കമ്പനിയുടെ ബൈക്ക് ഡ്രൈവറായ ശൈഖ് റന, അൽ ഖറാഇൻ 1 ഏരിയയിൽ റോഡിന് പുറത്ത് പൂർണ്ണമായും നിർത്തിയിട്ടിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. വലത് വശത്ത് നിന്ന് വന്ന ഒരു എമിറാത്തി പൗരൻ ഓടിച്ച കാർ, ഇടത്തേക്ക് തിരിയുന്നതിനിടെ ബൈക്കിലിടിച്ചായിരുന്നു അപകടം. ശ്രദ്ധയും ജാഗ്രതയുമില്ലാതെ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിൽ ശൈഖ് റനയുടെ കാലിനും തുടയിലും സാരമായി പരിക്കേൽക്കുകയും അദ്ദേഹത്തെ ആദ്യം അൽ ഖാസിമി ഹോസ്പിറ്റലിലും തുടർന്ന് ഫുജൈറ ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തിന് കാരണക്കാരനായ എമിറാത്തി ഡ്രൈവർക്ക് ക്രിമിനൽ കേസിൽ, രണ്ട് മാസം കൊണ്ട് ഖുർആനിലെ ഒരു ജുസ്അ് പഠിക്കാൻ വിധിക്കുന്ന രൂപത്തിലുള്ള സാമൂഹിക സേവനമാണ് കോടതി ശിക്ഷയായി നൽകിയത്.
പരിക്കേറ്റ ശൈഖ് റനയുടെ ബന്ധുക്കൾ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അപകടത്തിന് കാരണമായ വാഹനത്തിൻ്റെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയുമായിരുന്നു.
മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് റിപ്പോർട്ട് ഉൾപ്പെടെയുള്ള എല്ലാ രേഖകളും പരിഗണിച്ച കോടതി, ഇൻഷുറൻസ് കമ്പനി 40,000 ദിർഹം നഷ്ടപരിഹാരവും, 4,107 ദിർഹം മെഡിക്കൽ ചെലവുകളും, വിധി വന്ന തീയതി മുതൽ പൂർണ്ണമായി അടച്ചു തീർക്കുന്നത് വരെ 5 ശതമാനം പലിശയും നൽകണമെന്ന് വിധിച്ചു.
ഈ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചു. എന്നാൽ, പരിക്കിന്റെ ആഴവും നിയമവശങ്ങളും കൃത്യമായി വ്യക്തമാക്കുന്ന മറുപടി മെമ്മോറാണ്ടം ശൈഖ് റനയുടെ അഭിഭാഷകർ സമർപ്പിച്ചതിനെ തുടർന്ന് അപ്പീൽ കോടതി ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ തള്ളുകയായിരുന്നു.
