ദുബായ് വാഹനാപകടത്തിൽ പരിക്കേറ്റ ഹംസ സലീമിന് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ 400,000 ദിർഹം (3 കോടി പികെആർ) നഷ്ടപരിഹാരം ലഭിച്ചു.

ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ഹംസ സലീം മുഹമ്മദ് സലീമിന് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ നാല് ലക്ഷം ദിര്‍ഹംസ് (മൂന്നുകോടി പാകിസ്താന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ദുബായ് കോടതി വിധി

7/2/2025

ദുബായ് : 2022 ഏപ്രില്‍ 18 ന് ഷാര്‍ജയില്‍ നിന്നും ജബല്‍ അലി ഭാഗത്തേക്ക് പോവുകയായിരുന്ന ജോര്‍ദാന്‍ സ്വദേശി ഓടിച്ച വാഹനം എമിറേറ്റ്‌സ് റോഡില്‍ എത്തിയപ്പോള്‍ മുന്നിലുള്ള പാകിസ്താന്‍ സ്വദേശി ഓടിച്ച വാഹനത്തിന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം വലതുവശത്തേക്ക് തെന്നി മാറുകയും റോഡിന്റെ വലത് പാതയിലൂടെ വരികയായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് ഹംസ സലീമിന് ഗുരുതരമായ പരിക്കും കൂടെയുണ്ടായിരുന്ന സഹോദരി തംകീന്‍ സലീം മുഹമ്മദിന് നിസ്സാര പരിക്കുകളും ഉണ്ടായി. ഇവരെ ചികിത്സക്കായി റാഷിദ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പ്രതിയായ ജോര്‍ദാന്‍ സ്വദേശിയെ ആവശ്യത്തിന് സുരക്ഷിത അകലം പാലിക്കാത്ത കുറ്റത്തിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധമായും മറ്റൊരാളുടെ സുരക്ഷക്ക് ഭംഗം വരുത്തുന്ന രീതിയില്‍ വാഹനം ഓടിച്ചതിനാല്‍ ദുബായ് ട്രാഫിക് ക്രിമിനല്‍ കോടതി 3000 ദിര്‍ഹം ഫൈന്‍ ചുമത്തി വിട്ടയച്ചു.

എന്നാൽ, അപകടത്തെത്തുടർന്ന് ഹംസ സലീമിന്റെ തലയ്ക്ക് മാരകമായ പരിക്കാണ് സംഭവിച്ചത്. അദ്ദേഹത്തിന് ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി (TBI) ഉണ്ടെന്നും, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), ഓർമ്മക്കുറവ്, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നതായും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തലച്ചോറിന്റെ ശേഷിയുടെ 40 ശതമാനം ഡിസെബിലിറ്റി ഉണ്ടെന്നും തലയ്ക്കേറ്റ പരിക്ക് രണ്ട് കണ്ണുകളുടെയും കാഴ്ചയെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നിട്ടും ഹംസയ്ക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിരുന്നില്ല. തുടർന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുന്നത്.

സലാം പാപ്പിനിശ്ശേരി കേസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. മെഡിക്കൽ റിപ്പോർട്ട്, ക്രിമിനൽ കേസ് വിധി എന്നിവ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സഹിതം ആദ്യം ഇൻഷുറൻസ് അതോറിറ്റിയിലാണ് നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കിയായിരുന്നു കേസ്. രേഖകൾ പരിശോധിച്ച ഇൻഷുറൻസ് അതോറിറ്റി മൂന്ന് ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ വിധിച്ചു. എന്നാൽ ഈ തുക മതിയായതല്ലെന്ന് ഹംസയുടെ അഭിഭാഷകൻ മനസ്സിലാക്കുകയും ദുബായ് സിവിൽ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പരിക്കിന്റെ തീവ്രത വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സഹിതം ശക്തമായ വാദങ്ങൾ ഉൾക്കൊള്ളുന്ന മെമ്മോറാണ്ടം കോടതിയിൽ സമർപ്പിക്കപ്പെട്ടു. വാദങ്ങൾ കേട്ട കോടതി കേസ് പരിഗണിക്കുകയും നഷ്ടപരിഹാരത്തുക നാല് ലക്ഷം ദിർഹമായി (ഏകദേശം മൂന്ന് കോടി പാകിസ്താൻ രൂപ) ഉയർത്തുകയും ചെയ്യുകയായിരുന്നു.