ഷാർജ സജ്ജ അപകടം: ഖാലിദ് ഉസ്മാൻ ബഹദാർഖാന് 42.5 ലക്ഷം പാകിസ്താൻ രൂപ നഷ്ടപരിഹാരം
ഷാർജ സജ്ജ അപകടം: ഖാലിദ് ഉസ്മാൻ ബഹദാർഖാന് 42.5 ലക്ഷം പാകിസ്താൻ രൂപ നഷ്ടപരിഹാരം


ഷാർജ, 2025 ജൂലൈ 6: ഷാർജ സജ്ജയിൽ 2023 ജൂലൈ 3-ന് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി ഖാലിദ് ഉസ്മാൻ ബഹദാർഖാന് 42.5 ലക്ഷം പാകിസ്താൻ രൂപ (55,000 ദിർഹം) നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലിലൂടെയാണ് ഖാലിദിന് ഈ തുക ലഭിച്ചത്.
2023 ജൂലൈ 3 ന് രാവിലെ 6.30 ഓടെ ഷാർജ സജ്ജയിലൂടെ വാഹനമോടിച്ചു പോകുകയായിരുന്ന ഒരു പാകിസ്താൻ സ്വദേശിയുടെ വാഹനം റോഡിൽ കെട്ടിക്കിടന്ന എണ്ണയിൽ തെന്നി നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന ഖാലിദ് ഉസ്മാനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഖാലിദിന് വലത് കൈത്തണ്ടയ്ക്കും കൈപേശികൾക്കും ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ഉടൻതന്നെ ഷാർജയിലെ അൽ ഖാസിമി ഹോസ്പിറ്റലിലും പിന്നീട് റാസൽഖൈമയിലെ സഖർ ഹോസ്പിറ്റലിലേക്കും മാറ്റി.
അപകടത്തിന് കാരണമായ വാഹനം ഓടിച്ചയാളുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തുകയും, തുടർന്ന് 1000 ദിർഹം പിഴ ചുമത്തി ഇദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ, പരിക്കേറ്റ ഖാലിദ് ഉസ്മാന് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്.
കേസ് ഏറ്റെടുത്ത സലാം പാപ്പിനിശ്ശേരി, നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചു. പരിക്കിന്റെ ആഴം വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് ജഡ്ജ്‌മെന്റ്, കൃത്യമായ വാദങ്ങൾ ഉൾക്കൊള്ളുന്ന മെമ്മോറാണ്ടം എന്നിവ സഹിതം ഇൻഷുറൻസ് അതോറിറ്റിയിൽ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു. രേഖകൾ പരിശോധിച്ച കോടതി, അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി ഖാലിദ് ഉസ്മാന് 55,000 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്ന് വിധിച്ചു.
വിധിച്ച തുക അധികമാണെന്നും ഖാലിദിന്റെ പരിക്ക് നിസാരമാണെന്നും വാദിച്ച് ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും, ഖാലിദിന്റെ അഭിഭാഷകൻ കൃത്യമായ മറുപടി മെമ്മോറാണ്ടം സമർപ്പിച്ചതിനെ തുടർന്ന് അപ്പീൽ കേസ് തള്ളുകയും താഴെ കോടതി വിധിച്ച 55,000 ദിർഹം തന്നെ നൽകണമെന്ന് അപ്പീൽ കോടതി ഉത്തരവിടുകയും ചെയ്തു.