വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് 45,000 ദിർഹം നഷ്ടപരിഹാരം
വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് 45,000 ദിർഹം നഷ്ടപരിഹാരം


ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് 45,000 ദിർഹം (ഏകദേശം 10.7 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ദുബായിൽ ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ട നസറുദ്ധീൻ ഇബ്രാഹിമിനാണ് അനുകൂല വിധി ലഭിച്ചത്. YAB LEGAL SERVICES-ൻ്റെ സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമസഹായത്തിലൂടെയാണ് ഈ നേട്ടം.
2024 ജനുവരി 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ച്, ഇറാഖ് സ്വദേശി ഓടിച്ച ഓഡി കാർ, നസറുദ്ധീൻ്റെ ഇലക്ട്രിക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ റോഡിലേക്ക് പ്രവേശിച്ചതാണ് അപകടകാരണമെന്ന് കണ്ടെത്തി. അപകടത്തിൽ നസറുദ്ധീൻ്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹത്തെ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തിന് കാരണക്കാരനായ ഇറാഖ് സ്വദേശിക്ക് ക്രിമിനൽ കോടതി 5000 ദിർഹം പിഴ ചുമത്തി.
തുടർന്ന്, നസറുദ്ധീൻ്റെ നഷ്ടപരിഹാര കേസ് YAB LEGAL SERVICES-ൻ്റെ നേതൃത്വത്തിൽ ഇറാഖ് സ്വദേശിയുടെ ഇൻഷുറൻസ് കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തു. മെഡിക്കൽ റിപ്പോർട്ടുകൾ, പോലീസ് റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കിയതിനെ തുടർന്ന് കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
നഷ്ടപരിഹാരത്തുകയായ 45,000 ദിർഹമിന് പുറമേ, വിധി വന്ന തീയതി മുതൽ മുഴുവൻ തുകയും അടച്ചുതീരുന്നത് വരെ 5% പലിശയും, കേസുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഫീക്ക് വേണ്ടി ചെലവായ 4100 ദിര്‍ഹമും 500 ദിര്‍ഹംസ് വക്കീല്‍ ഫീസും ഇൻഷുറൻസ് കമ്പനി നൽകണമെന്നും കോടതി വിധിച്ചു.