ദുബായ്: അപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ പൗരന് 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ തീരുമാനം.

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 50,000 ദിർഹം നഷ്ടപരിഹാരം; യാബ് ലീഗൽ സർവീസസിന്റെ ഇടപെടൽ നിർണ്ണായകം

7/12/2025

ദുബായ്: 2022 ഒക്ടോബർ 4-ന് ദുബായിലെ അൽ ഖൈൽ സ്ട്രീറ്റിൽ അൽ മൈദാൻ സ്ട്രീറ്റ് എക്‌സിറ്റിന് മുമ്പായിട്ടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി നിസാര്‍ അഹ്‌മദ് മുഹമ്മദ് ഇഖ്ബാലിന് 50,000 ദിർഹം (ഏകദേശം 38.7 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി. യാബ് ലീഗൽ സർവീസസിന്റെ ഇടപെടലാണ് ഈ വിധിക്ക് പിന്നിൽ.

മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന നിസാര്‍ അഹ്‌മദ്, ഇടത്തോട്ടേക്ക് പെട്ടെന്നുണ്ടായ ദിശമാറ്റം കാരണം ഒരു നിസ്സാൻ പട്രോൾ കാറിൽ ഇടിച്ച് മോട്ടോർ സൈക്കിൾ മറിയുകയായിരുന്നു. അപകടത്തിന് കാരണക്കാരനായതിനാൽ നിസാര്‍ അഹ്‌മദിന് ക്രിമിനൽ കേസിൽ 1000 ദിർഹം പിഴ ചുമത്തിയിരുന്നു.

അപകടത്തെ തുടർന്ന് നിസാര്‍ അഹ്‌മദിന് കാലിനും സന്ധിക്കും പരിക്കുകളുണ്ടായി. ഉടൻതന്നെ അദ്ദേഹത്തെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര്‍ അഹ്‌മദിന് നഷ്ടപരിഹാരം ലഭിക്കാതെ വന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, ആവശ്യമായ രേഖകൾ സമർപ്പിച്ച് നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു. നിസാര്‍ അഹ്‌മദിന്റെ മോട്ടോർ സൈക്കിളിന്റെ ഇൻഷൂറൻസ് കമ്പനിയെ എതിർകക്ഷിയാക്കിയാണ് കേസ് ഫയൽ ചെയ്തത്.

സമർപ്പിച്ച രേഖകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളും വിശദമായി പരിശോധിച്ച കോടതി നിസാര്‍ അഹ്‌മദിന്റെ വക്കീലിന്റെ വാദം അംഗീകരിക്കുകയും അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിളിന്റെ ഇൻഷൂറൻസ് കമ്പനി 50,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിടുകയുമായിരുന്നു.