വാഹനാപകടം: ഇന്ത്യക്കാരന് 50,000 ദിര്‍ഹം (12 ലക്ഷം രൂപ) നഷ്ടപരിഹാരം

വാഹനാപകടം: ഇന്ത്യക്കാരന് 50,000 ദിര്‍ഹം (12 ലക്ഷം രൂപ) നഷ്ടപരിഹാരം

10/21/2025

അജ്മാന്‍: യു.എ.ഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പൗരനായ അഭിജിത്ത് അജിക്ക് 50,000 ദിര്‍ഹം (ഏകദേശം 12 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അപകടത്തിന് കാരണമായ പാകിസ്താന്‍ സ്വദേശിയുടെ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനി ഈ തുക നല്‍കണം. YAB ലീഗല്‍ സര്‍വീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നിയമ ഇടപെടലിലാണ് ഈ അനുകൂല വിധി.

2022 നവംബര്‍ 23-നാണ് സംഭവം നടന്നത്. വഴി ഒഴിഞ്ഞു കിടക്കുന്നില്ലെന്ന് ഉറപ്പാക്കാതെ അജ്മാന്‍ ഗ്രീന്‍ പബ്ലിക് വെഹിക്കിളുമായി പബ്ലിക് റോഡിലേക്ക് പ്രവേശിച്ച പാകിസ്താന്‍ സ്വദേശിയുടെ പിഴവാണ് അപകടത്തിന് കാരണമായത്. ഈ അപകടത്തില്‍ അഭിജിത്തിന് തലക്ക് പരിക്കേല്‍ക്കുകയും നെറ്റിയില്‍ മുറിവുണ്ടാകുകയും വലത് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ അഭിജിത്തിനെ ഉടന്‍ തന്നെ ശൈഖ് ഖലീഫ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ക്രിമിനല്‍ കോടതി 1100 ദിര്‍ഹം പിഴ ചുമത്തിയിരുന്നു.

ഗുരുതരമായി പരിക്കേറ്റ അഭിജിത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ YAB ലീഗല്‍ സര്‍വീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ക്രിമിനല്‍ കേസ് റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് തുടങ്ങിയ മതിയായ രേഖകള്‍ സഹിതം ഇന്‍ഷുറന്‍സ് തര്‍ക്ക പരിഹാര കോടതിയില്‍ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു.

കേസ് പരിഗണിച്ച ഇന്‍ഷുറന്‍സ് തര്‍ക്ക പരിഹാര കോടതി, അമ്പതിനായിരം ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടു. ഇന്‍ഷുറന്‍സ് കമ്പനി ഇരുപതിനായിരം ദിര്‍ഹമിന് മുകളിലുള്ള ക്ലെയിം തള്ളിക്കളയാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയാണ് അഭിജിത്തിന് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.