ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് 50,000 ദിർഹം നഷ്ടപരിഹാരം
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് 50,000 ദിർഹം നഷ്ടപരിഹാരം


ദുബായ്: ഹോർ അൽ അൻസ് ഏരിയയിൽ വെച്ച് കാറിടിച്ച് പരിക്കേറ്റ മലപ്പുറം നിലമ്പൂർ സ്വദേശി ഇനാമുറഹ്മാന് 50,000 ദിർഹം (ഏകദേശം 11.9 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. വാഹനം ഇൻഷുർ ചെയ്ത കമ്പനിയാണ് തുക നൽകേണ്ടത്.
2024 ഫെബ്രുവരി 7-ന് ആയിരുന്നു സംഭവം. പാകിസ്ഥാൻ സ്വദേശി ഓടിച്ചിരുന്ന ടൊയോട്ട കാർ അശ്രദ്ധ കാരണം ഫുട്പാത്തിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ അവിടെ നിന്നിരുന്ന ഇനാമുറഹ്മാനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇനാമുറഹ്മാൻ്റെ കാലിനും തുടയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തിയ ദുബായ് ക്രിമിനൽ കോടതി ഇയാൾക്ക് 2000 ദിർഹം പിഴ ചുമത്തിയിരുന്നു.
തുടർന്ന്, നഷ്ടപരിഹാരം തേടി YAB ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരി മുഖേന ഇനാമുറഹ്മാൻ ഇൻഷുറൻസ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു. അപകട റിപ്പോർട്ട്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രേഖകൾ എന്നിവ ഹാജരാക്കി. വാദം കേട്ട കോടതി 50,000 ദിർഹം നഷ്ടപരിഹാരം നൽകാനും, വിധി വന്ന തീയതി മുതൽ തുക അടച്ചുതീർക്കുന്നത് വരെ 5% പലിശ നൽകാനും, കേസ് ചെലവുകൾക്കായി 3850 ദിർഹം നൽകാനും ഇൻഷുറൻസ് കമ്പനിയോട് നിർദേശിച്ചു.