അല്‍ഐനില്‍ വെച്ചുണ്ടായ റോഡപകടത്തിൽ പാകിസ്താൻ സ്വദേശിക്ക് 50,000 ദിർഹം നഷ്ടപരിഹാരം
അല്‍ഐനില്‍ വെച്ചുണ്ടായ റോഡപകടത്തിൽ പാകിസ്താൻ സ്വദേശിക്ക് 50,000 ദിർഹം നഷ്ടപരിഹാരം


അൽ ഐൻ: റോഡപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി അദ്‌നാൻ ഉസ്മാൻ റാവുവിന് 50,000 ദിർഹം (ഏകദേശം 38 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
2024 ജൂലായ് 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അൽ ഐനിൽ വെച്ച്, പിന്നിൽ വാഹനമില്ലെന്ന് ഉറപ്പുവരുത്താതെ ഒരു കാർ ഡ്രൈവർ വാഹനം റിവേഴ്‌സ് എടുത്തതാണ് അപകടത്തിന് കാരണം. പുറകിലുണ്ടായിരുന്ന മോട്ടോർ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ, അശ്രദ്ധയോടെ വാഹനമോടിച്ച കാർ ഡ്രൈവറായ ഇന്ത്യൻ പൗരന്റെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും 3000 ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.
അപകടത്തിൽ കഴുത്തിനും കൈകൾക്കും കാലിനും തോളിനും പരിക്കേറ്റ അദ്‌നാൻ ഉസ്മാൻ റാവുവിനെ ഉടൻ തന്നെ അൽ തവാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ക്രിമിനൽ കേസിൽ വിധി വന്നെങ്കിലും പരിക്കുകൾക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.
അദ്‌നാൻ റാവുവിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും അദ്ദേഹം കേസ് ഏറ്റെടുക്കുകയും ചെയ്തു. മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി ഉൾപ്പെടെയുള്ള രേഖകൾ സഹിതം നഷ്ടപരിഹാരത്തിനായി ഇൻഷൂറൻസ് അതോറിറ്റിയിൽ (ഇൻഷൂറൻസ് തർക്കപരിഹാര കോടതി) കേസ് ഫയൽ ചെയ്തു.
കേസ് പരിഗണിച്ച ഇൻഷൂറൻസ് അതോറിറ്റി, അദ്‌നാൻ ഉസ്മാൻ റാവുവിന് 50,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. ഇതിന് പുറമെ, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നത് വരെ 5% പലിശയും, 4100 ദിർഹം ചികിത്സാ ചെലവായും, 500 ദിർഹം ലോയർ ഫീസായും നൽകാനും വിധി പ്രസ്താവിച്ചു.
ഇൻഷൂറൻസ് കമ്പനി ഈ വിധിക്കെതിരെ അപ്പീൽ കോടതിയിൽ കേസ് ഫയൽ ചെയ്‌തെങ്കിലും, യാബ് ലീഗൽ സർവീസസിലെ അഭിഭാഷകർ ശക്തമായ മറുപടി മെമ്മോറാണ്ടം സമർപ്പിച്ചതിനെ തുടർന്ന് അപ്പീൽ കോടതി കേസ് തള്ളുകയായിരുന്നു.
