വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 55,000 ദിർഹം നഷ്ടപരിഹാരം

വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 55,000 ദിർഹം നഷ്ടപരിഹാരം

8/4/2025

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിയായ കാഷിഫ് സലീം മുഹമ്മദ് സലീമിന് 55,000 ദിർഹം (ഏകദേശം 42.4 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരമായി ലഭിച്ചു. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള നിയമസഹായത്തിലൂടെയാണ് ഈ തുക ലഭിച്ചത്.

2024 ജനുവരി 13-ന് ദുബായിലെ അൽ ഖവാനീജിൽ വെച്ചാണ് അപകടം നടന്നത്. മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കാഷിഫിനെ, മുന്നോട്ട് പോവുകയായിരുന്ന ഇമാറാത്തി സ്വദേശിയുടെ റേഞ്ച് റോവർ കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. മതിയായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി. അപകടത്തിൽ കാഷിഫിന്റെ വലത് തോളിന് ഗുരുതരമായി പരിക്കേറ്റു.

അപകടത്തെത്തുടർന്ന് ദുബായ് പോലീസ്‌ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, മതിയായ തെളിവുകളുടെ അഭാവം മൂലം കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, നഷ്ടപരിഹാരം തേടി കാഷിഫിന്റെ ബന്ധുക്കൾ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു.

യാബ് ലീഗൽ സർവീസസ് അഡ്വക്കറ്റുമാര്‍ , മെഡിക്കൽ റിപ്പോർട്ടുകളും മറ്റ് രേഖകളും സഹിതം ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച കോടതി, കാഷിഫിന് 55,000 ദിർഹം നഷ്ടപരിഹാരവും, മെഡിക്കല്‍ ടെസ്റ്റ് ഫീയായി 3850 ദിർഹവും നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു.