ഉമ്മുല്‍ ഖുവൈനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശിയുടെ കുടുംബത്തിന് 59.5 ലക്ഷം രൂപ നഷ്ടപരിഹാരം
ഉമ്മുല്‍ ഖുവൈനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശിയുടെ കുടുംബത്തിന് 59.5 ലക്ഷം രൂപ നഷ്ടപരിഹാരം


ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി ദിന്ദി ബംഗാരു ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 2.5 ലക്ഷം ദിര്‍ഹം (ഏകദേശം 59.5 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിക്കാന്‍ കോടതി വിധി. YAB ലീഗല്‍ സര്‍വീസസിന്റെ സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നിയമസഹായത്തിലൂടെയാണ് ഈ തുക ലഭ്യമായത്.
2022 നവംബര്‍ 17-ന് വൈകുന്നേരം 6.25-ന് ഉമ്മുല്‍ ഖുവൈന്‍ ഫലാജ് അല്‍ മുഅല്ലയിലെ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുഅല്ല മസ്ജിദിന് സമീപമായിരുന്നു അപകടം. 16 വയസ്സുള്ള എമിറാത്തി സ്വദേശി ഓടിച്ച മിത്സുബിഷി പജീറോ കാര്‍, ബൈക്ക് യാത്രികനായ ആന്ധ്രാപ്രദേശ് - വെസ്റ്റ് ഗോദാവരി ജില്ല സ്വദേശി ദിന്ദി ബംഗാരു ബാബുവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ദിന്ദി മരണപ്പെട്ടു.
പോലീസ് അന്വേഷണത്തില്‍, കാര്‍ ഡ്രൈവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും കാല്‍നട ക്രോസിംഗിനടുത്ത് വേഗത കുറയ്ക്കാതെയും വാഹനം ഓടിച്ചതാണ് അപകടത്തിന് പ്രധാന കാരണമായി കണ്ടെത്തിയത്. കാര്‍ ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. അതേസമയം, ബൈക്ക് യാത്രികനായ ദിന്ദിക്കും ഡ്രൈവിംഗ് ലൈസന്‍സുണ്ടായിരുന്നില്ല, കൂടാതെ ബൈക്ക് രജിസ്റ്റര്‍ ചെയ്യുകയോ ഇന്‍ഷൂര്‍ ചെയ്യുകയോ ചെയ്തിട്ടില്ലായിരുന്നു. ശ്രദ്ധയില്ലാതെ പെട്ടെന്ന് റോഡിന്റെ ഇടത്തേക്ക് തിരിഞ്ഞതും കാല്‍നട ക്രോസിംഗിലൂടെ സഞ്ചരിച്ചതും അപകടത്തിന് ഭാഗികമായി കാരണമായതായി കണ്ടെത്തി.
അന്വേഷണത്തില്‍ ഇമാറാത്തി സ്വദേശിയായ കാര്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അവന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹത്തിന്റെ പിതാവിനെ കൂടി പ്രതിചേര്‍ത്തു കൊണ്ട് പോലീസ് കേസെടുത്തു. ആ കേസില്‍ ദിന്ദിയുടെ കുടുംബത്തിന് ബ്ലഡ് മണിയായി 1 ലക്ഷം ദിര്‍ഹം നല്‍കാന്‍ ക്രിമിനല്‍ കോടതി വിധിക്കുകയും ചെയ്തു. ഈ തുക ലഭിക്കുന്നതിന് വേണ്ടി ദിന്ദിയുടെ ബന്ധുക്കള്‍ യാബ് ലീഗല്‍ സര്‍വീസസിനെ ബന്ധപ്പെടുകയായിരുന്നു.
അപകടത്തില്‍ മരണപ്പെട്ട ദിന്ദിയുടെ കുടുംബത്തില്‍ മാതാപിതാക്കളും ഭാര്യയും രണ്ട് ആണ്‍മക്കളും പ്രായപൂര്‍ത്തിയാകാത്ത ഒരു മകളുമുണ്ട്. ബ്ലഡ് മണിയായി ലഭിച്ച തുക ഈ കുടുംബത്തിന് പര്യാപ്തമല്ലെന്ന് മനസ്സിലാക്കിയ YAB ലീഗല്‍ സര്‍വീസസിലെ അഡ്വക്കറ്റുമാര്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. ലീഗല്‍ ഹയേഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ബ്രഡ് വിന്നര്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചതിന് ശേഷം കോടതി വാദം കേട്ടു. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കിയാണ് കേസ് നടത്തിയത്.
രേഖകള്‍ പരിശോധിച്ച കോടതി, ബ്ലഡ് മണിക്ക് പുറമെ 1.5 ലക്ഷം ദിര്‍ഹം കൂടി നഷ്ടപരിഹാരമായി നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഉത്തരവിട്ടു. ഇതോടെ ദിന്ദിയുടെ കുടുംബത്തിന് ആകെ 2.5 ലക്ഷം ദിര്‍ഹം (ഏകദേശം 59.5 ലക്ഷം രൂപ) ലഭിക്കാന്‍ വഴിയൊരുങ്ങി.