അൽഐൻ വാഹനാപകടം: കാമറൂൺ സ്വദേശിക്ക് 60,000 ദിർഹം നഷ്ടപരിഹാരം
അൽഐൻ വാഹനാപകടം: കാമറൂൺ സ്വദേശിക്ക് 60,000 ദിർഹം നഷ്ടപരിഹാരം


അൽഐനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാമറൂൺ സ്വദേശി ബ്രാൻഡൻ ഫോംബാസോ അചിരിക്ക് (Brandon Fombaso Achiri) 60,000 ദിർഹം (ഏകദേശം 91 ലക്ഷം സെൻട്രൽ ആഫ്രിക്കൻ സി.എഫ്.എ ഫ്രാങ്ക്) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് ഈ കേസിൽ നിർണായകമായത്.
2022 ജനുവരി 10-ന് വൈകുന്നേരം 6.30-നാണ് അപകടം നടന്നത്. അൽ ജിമി ഏരിയയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ബ്രാൻഡനെ ജോർദാൻ സ്വദേശി ഓടിച്ച ലാൻഡ് ക്രൂയിസർ ഇടിക്കുകയായിരുന്നു. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി.
അപകടത്തിൽ ബ്രാൻഡന്റെ തുടയെല്ലിനും വലത് കാലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് അദ്ദേഹത്തെ തവാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈ കേസിൽ, അപകടത്തിന് കാരണമായ ജോർദാൻ സ്വദേശി കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് 5,000 ദിർഹം പിഴയും മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷ വിധിച്ചു.
എന്നാൽ, പരിക്കേറ്റ ബ്രാൻഡന് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിരുന്നില്ല. തുടർന്ന് അദ്ദേഹം യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. അദ്ദേഹം ബ്രാൻഡനുവേണ്ടി നഷ്ടപരിഹാരത്തിനുള്ള നിയമനടപടികൾ ആരംഭിക്കുകയും, അപകട റിപ്പോർട്ടിന്റെ പകർപ്പ്, ക്രിമിനൽ കേസ് വിധി, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രേഖകൾ എന്നിവ സഹിതം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഈ രേഖകൾ പരിഗണിച്ചാണ് ഇൻഷുറൻസ് കമ്പനി 60,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്.