വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് 60,000 ദിർഹം (ഏകദേശം 45.9 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി

വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് 60,000 ദിർഹം (ഏകദേശം 45.9 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി

10/14/2025

അബുദാബി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പാകിസ്താൻ സ്വദേശി ജമീലുറഹ്‌മാന് അറുപതിനായിരം ദിർഹംസ് (ഏകദേശം 45 ലക്ഷത്തി തൊണ്ണൂറായിരം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി.

2024 ജനുവരി 3-ന് അബുദാബിയിലെ അൽ മഫ്‌റഖ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് അപകടം നടന്നത്. കാൽനടയാത്രക്കാർക്ക് ക്രോസിംഗ് അനുവദനീയമല്ലാത്ത മൺപാതയിലൂടെ (കദഷ്) റോഡ് മുറിച്ച് കടക്കുകയായിരുന്ന ജമീലുറഹ്‌മാനെ, ഡ്രൈവറുടെ അശ്രദ്ധ കാരണം നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്ക് (head trauma), കഴുത്തിന് പരിക്ക് (neck injury), വാരിയെല്ലിന് പൊട്ടൽ (rib fracture), തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് ജമീലുറഹ്‌മാൻ നേരിട്ടത്.

അപകടത്തിന് കാരണമായ കാറോടിച്ചിരുന്ന മറ്റൊരു പാകിസ്താൻ സ്വദേശിക്ക് ക്രിമിനൽ കേസിൽ കോടതി 5000 ദിർഹംസ് പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, പരിക്കേറ്റ ജമീലുറഹ്‌മാന്റെ ബന്ധുക്കൾ നഷ്ടപരിഹാരം തേടി YAB Legal Services സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്.

കേസ് ഏറ്റെടുത്ത സലാം പാപ്പിനിശ്ശേരി, ജമീലുറഹ്‌മാന്റെ മെഡിക്കൽ റിപ്പോർട്ടുകൾ, ക്രിമിനൽ കേസ് റിപ്പോർട്ട്, ചികിത്സാ രേഖകൾ എന്നിവ ഉൾപ്പെടെ മതിയായ തെളിവുകൾ സഹിതം അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി ദുബായ് സിവിൽ കോടതിയിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയായിരുന്നു.

വാദങ്ങൾ പരിഗണിച്ച കോടതി, പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത്, ജമീലുറഹ്‌മാന് 60,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. കൂടാതെ, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നതുവരെ അഞ്ചുശതമാനം പലിശയും, കേസ് ഫീസായി 500 ദിർഹം വക്കീൽ ഫീസും നൽകണമെന്നും കോടതി വിധിച്ചു.