വാഹനാപകടം: പാകിസ്താൻ സ്വദേശിക്ക് 60,000 ദിർഹം നഷ്ടപരിഹാരം

വാഹനാപകടം: പാകിസ്താൻ സ്വദേശിക്ക് 60,000 ദിർഹം നഷ്ടപരിഹാരം

1/8/2026

ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിയായ മുഹമ്മദ് അദീൽ ഇജാസ് ഹുസ്സൈന് 60,000 യുഎഇ ദിർഹം (ഏകദേശം 45 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വിധി വന്ന തീയതി മുതൽ തുക പൂർണമായി അടച്ചു തീർക്കുന്നതുവരെ 5 ശതമാനം പലിശ, 3850 ദിർഹം മെഡിക്കൽ ചെലവ്, 500 ദിർഹം അഭിഭാഷക ഫീസ് എന്നിവയും നൽകാനും ഇൻഷുറൻസ് കമ്പനിയോട് കോടതി നിർദ്ദേശിച്ചു.

2024 മാർച്ച് 25-ന് ഷാർജയിലെ വാസിത് സ്ട്രീറ്റിലാണ് അപകടം നടന്നത്. ഒരു ഇമാറാത്തി സ്വദേശിനി അശ്രദ്ധമായും ജാഗ്രതയില്ലാതെയും യൂടേൺ ഓപ്പണിംഗിൽ നിന്ന് പുറത്തുവരുന്നതിനിടെ, മുഹമ്മദ് അദീൽ ഇജാസ് ഹുസ്സൈൻ സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിൻ്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് അദ്ദേഹത്തെ അൽ ഖാസിമി ഹോസ്പിറ്റലിലും പിന്നീട് കുവൈറ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

അപകടത്തിന് കാരണക്കാരിയായ ഇമാറാത്തി വനിതയ്ക്ക് ക്രിമിനൽ കേസ് നടപടികളുടെ ഭാഗമായി കോടതി 1000 ദിർഹം പിഴയും വിധിച്ചിരുന്നു.

അപകടത്തെത്തുടർന്ന് അദീലിൻ്റെ ബന്ധുക്കൾ നഷ്ടപരിഹാരം തേടി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. കേസ് ഏറ്റെടുത്ത അദ്ദേഹം, മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധിപ്പകർപ്പ്, വ്യക്തമായ വാദങ്ങൾ ഉൾക്കൊള്ളുന്ന മെമ്മോറാണ്ടം എന്നിവ സഹിതം എതിർകക്ഷിയായ ഇമാറാത്തി സ്വദേശിനിയുടെ വാഹനത്തിൻ്റെ ഇൻഷുറൻസ് കമ്പനിക്കെതിരെ ഇൻഷുറൻസ് നഷ്ടപരിഹാര കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു.

നിയമനടപടികൾ പൂർത്തിയാക്കിയ ഇൻഷുറൻസ് തർക്ക പരിഹാര കോടതി, മുഹമ്മദ് അദീൽ ഇജാസ് ഹുസ്സൈന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.