ദുബായ് വാഹനാപകടം: കോട്ടയം സ്വദേശിനിക്ക് 62 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ദുബായ് വാഹനാപകടം: കോട്ടയം സ്വദേശിനിക്ക് 62 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

2/4/2026

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശിനി ഷൈനി അജിത്ത് അബ്രഹാം തോമസ് മത്തായിക്ക് 2.5 ലക്ഷം ദിർഹം (ഏകദേശം 62 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് അപ്പീൽ കോടതി ഉത്തരവിട്ടു. ദുബായിലെ പ്രമുഖ നിയമസഹായ സ്ഥാപനമായ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഈ അനുകൂല വിധി.

2024 ജനുവരി 28-ന് അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഓൺപാസീവ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അമിതവേഗതയിൽ വന്ന തുർക്കി സ്വദേശിനി ഓടിച്ച കാർ, സീബ്രാ ലൈനിലൂടെ നടന്നുപോവുകയായിരുന്ന ഷൈനിയെ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തിയ ദുബായ് ട്രാഫിക് ക്രിമിനൽ കോടതി ഇവർക്ക് 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.

അപകടത്തിൽ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഷൈനിയുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തിനായി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം കേസ് ഏറ്റെടുക്കുകയും കൃത്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ക്രിമിനൽ കോടതി വിധി, വിദഗ്ധമായ നിയമവാദങ്ങൾ എന്നിവയടങ്ങുന്ന മെമ്മോറാണ്ടം സഹിതം ഇൻഷുറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തു.

ആദ്യഘട്ടത്തിൽ ഇൻഷുറൻസ് തർക്ക പരിഹാര കോടതി 1.5 ലക്ഷം ദിർഹവും മെഡിക്കൽ ചെലവുകൾക്കായി 4,100 ദിർഹവുമാണ് നഷ്ടപരിഹാരമായി വിധിച്ചത്. എന്നാൽ പരിക്കുകളുടെ ആഴവും ഭാവിയിലുണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകളും പരിഗണിക്കുമ്പോൾ ഈ തുക അപര്യാപ്തമാണെന്ന് കണ്ട യാബ് ലീഗൽ സർവീസസിലെ അഭിഭാഷകർ അപ്പീൽ കോടതിയെ സമീപിച്ചു.

പരിക്കുകളുടെ ഗൗരവം വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച അപ്പീൽ കോടതി, നേരത്തെയുള്ള വിധി തിരുത്തുകയും ഷൈനിക്ക് രണ്ടു ലക്ഷത്തി അമ്പതിനായിരം (2,50,000) ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയുമായിരുന്നു. കൂടാതെ, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായും അടച്ചുതീർക്കുന്നത് വരെ അഞ്ച് ശതമാനം പലിശയും ഇൻഷുറൻസ് കമ്പനി നൽകണം.