വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിക്ക് 65,000 ദിർഹം നഷ്ടപരിഹാരം
വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിക്ക് 65,000 ദിർഹം നഷ്ടപരിഹാരം


ദുബായ്: ദുബായിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ തളിപ്പറമ്പ് സ്വദേശി സുഹൈർ കുട്ടുവത്തിന് 65,000 ദിർഹം (ഏകദേശം 15 ലക്ഷത്തി 50,000 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം. YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലിലൂടെ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലൂടെയാണ് ഈ തുക ലഭിച്ചത്.
2023 നവംബർ 16 വ്യാഴാഴ്ച ദുബായിലെ അൽ കറാമ ഏരിയയിൽ സിറ്റി മാർട്ട് സൂപ്പർമാർക്കറ്റിന് മുന്നിലുള്ള റോഡിലൂടെ ടാൻസാനിയൻ സ്വദേശി കാറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ യമൻ സ്വദേശി ഓടിച്ച കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നിലുള്ള വാഹനത്തിൻ്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബ്രേക്കിന് പകരം ആക്‌സിലേറ്റർ അമർത്തുകയും ചെയ്തു. ഇത് സമീപത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഇടിച്ചുകയറുകയും അവിടെയുണ്ടായിരുന്ന സുഹൈർ കുട്ടുവത്ത് അടങ്ങുന്ന നാല് പേർക്ക് പരിക്കേൽക്കാൻ കാരണമായി. പരിക്കേറ്റവരെ ഉടൻ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം യമൻ സ്വദേശി വാഹനം നിർത്താതെ കടന്നുകളയുകയായിരുന്നു.
ഈ സംഭവത്തിൽ, യമൻ പൗരനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ഒരു മാസത്തെ തടവും ആറുമാസത്തേക്ക് ലൈസൻസ് സസ്‌പെൻഷനും വിധിക്കുകയും ചെയ്തു. അപകടത്തിൽ സുഹൈർ കുട്ടുവത്തിന് വലത്തെ കാലിനും സന്ധിയിലും ഗുരുതരമായ പരിക്കേറ്റു. നഷ്ടപരിഹാരത്തിനായി YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചതിനെത്തുടർന്ന്, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. തുടർന്ന്, എതിർകക്ഷിയായ യമൻ പൗരൻ്റെ ഇൻഷുറൻസ് കമ്പനി സുഹൈറിൻ്റെ അഭിഭാഷകനുമായി ബന്ധപ്പെടുകയും കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. സുഹൈറിന് സംഭവിച്ച പരിക്കുകളുടെ വ്യാപ്തി കണക്കിലെടുത്ത് അഭിഭാഷകൻ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ 65,000 ദിർഹം നൽകാൻ ഇൻഷുറൻസ് കമ്പനി തയ്യാറാവുകയായിരുന്നു.