ദുബായിലെ വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 65,000 ദിർഹം നഷ്ടപരിഹാരം

ദുബായിലെ വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 65,000 ദിർഹം നഷ്ടപരിഹാരം

8/5/2025

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് അഷ്റഫ് ഹുസൈന് (ക്ലയിന്റ് ഐ.ഡി: DXB/123/2024) 65,000 ദിർഹം (ഏകദേശം 21.5 ലക്ഷം ബംഗ്ലാദേശ് ടാക്ക) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമസഹായമാണ് ഈ കേസിൽ നിർണായകമായത്.

2024 ഫെബ്രുവരി 5-ന് ദുബായിലെ ഇന്റർനാഷണൽ സിറ്റിയിലെ ഇംഗ്ലീഷ് ക്വാർട്ടർ Z05 ബിൽഡിംഗിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. അവിടെ പാർക്ക് ചെയ്തിരുന്ന തന്റെ കാമ്രി കാറിൽ കയറുന്നതിനായി ഡോർ തുറന്നപ്പോൾ, പിന്നിലൂടെ വന്ന പാകിസ്താൻ സ്വദേശി ഓടിച്ച മിത്സുബിഷി കാന്റർ അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. അപകടത്തിൽ മുഹമ്മദ് അഷ്റഫ് ഹുസൈന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച വാഹനം നിർത്താതെ ഓടിച്ചുപോയിരുന്നു.

അപകടത്തിന് കാരണക്കാരനായ പാകിസ്താൻ സ്വദേശിയെ ദുബായ് ട്രാഫിക് ക്രിമിനൽ കോടതി 3,000 ദിർഹം പിഴയടയ്ക്കാൻ ശിക്ഷിച്ചു. ഇതിനുശേഷം, മുഹമ്മദ് അഷ്റഫ് ഹുസൈൻ നഷ്ടപരിഹാരത്തിനായി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. അപകട റിപ്പോർട്ട്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രേഖകൾ എന്നിവ സമർപ്പിച്ചുകൊണ്ട് ഇൻഷുറൻസ് അതോറിറ്റിയിൽ കേസ് ഫയൽ ചെയ്തു.

കേസ് പരിഗണിച്ച കോടതി, പരിക്കിന്റെ തീവ്രതയും മറ്റ് തെളിവുകളും കണക്കിലെടുത്ത് മുഹമ്മദ് അഷ്റഫ് ഹുസൈന് 65,000 ദിർഹം നഷ്ടപരിഹാരം നൽകാൻ എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു. കൂടാതെ, കേസിന്റെ നടപടിക്രമങ്ങൾക്കായി 3,850 ദിർഹം കൂടി നൽകാനും കോടതി നിർദേശിച്ചു. സലാം പാപ്പിനിശ്ശേരിയുടെ കൃത്യമായ നിയമസഹായമാണ് ഈ കേസിൽ നഷ്ടപരിഹാരം നേടാൻ സഹായകമായത്.