ദുബായ് വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാനി പൗരന് നിയമപരമായ ഇടപെടലിനെ തുടർന്ന് 70,000 ദിർഹം നഷ്ടപരിഹാരം ലഭിച്ചു

ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പാകിസ്താന്‍ സ്വദേശി ഖയ്യൂം അത്തര്‍ മുഹമ്മദ് യൂസഫിന് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ എഴുപതിനായിരം ദിര്‍ഹം (53.5 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

5/10/2025

2023 നവംബര്‍ 24 വെള്ളിയാഴ്ച ദുബായ് അല്‍ ബര്‍ഷ വിവ മാര്‍ക്കറ്റിന് പിന്നില്‍ വച്ചായിരുന്നു അപകടം. ഇമാറാത്തി സ്വദേശി ഓടിച്ച കാര്‍ ഖയ്യൂം ഓടിച്ച ബൈക്കിന് ഇടിച്ച് പരിക്കേല്‍ക്കുകയായിരുന്നു. ഉടനെ അദ്ദേഹത്തെ റാഷിദ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു.

വഴി ശ്രദ്ധിക്കാതെ അശ്രദ്ധമായി വാഹനം ഓടിച്ചതിനാലാണ് അപകടം സംഭവിച്ചത് എന്ന് ദുബായ് പോലീസ് കണ്ടെത്തിയതിനാല്‍ അദ്ദേഹത്തിനെ പ്രതി ചേര്‍ക്കുകയും 2000 ദിര്‍ഹം ഫൈന്‍ ചുമത്തുകയും ചെയ്തു. എന്നാല്‍ വലത് കൈക്കും ഇടത് കാല്‍മുട്ടിനും സാരമായി പരിക്കേറ്റ ഖയ്യൂമിന് യാതൊരു നഷ്ടപരിഹാരമൊന്നും ലഭിച്ചിരുന്നില്ല. അങ്ങനെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം കേസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമനടിപകള്‍ ആരംഭിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പരിക്കിന്റെ ആഴം വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ക്രിമിനല്‍ കേസ് ജഡ്ജ്‌മെന്റ്, കൃത്യമായ മെമ്മോറാണ്ടം തുടങ്ങി ആവശ്യമായ രേഖകള്‍ സഹിതം ഇന്‍ഷൂറന്‍സ് അതോറിറ്റിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തിന് കാരണമായ വാഹനം ഇന്‍ഷൂര്‍ ചെയ്ത ഇന്‍ഷൂറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കി കൊണ്ടായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. രേഖകള്‍ പരിശോധിച്ച കോടതി കേസ് പരിഗണിക്കുകയും എഴുപതിനായിരം ദിര്‍ഹം(5.35 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.