ദുബായിലെ വാഹനാപകടത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് പൗരന് 70,000 ദിർഹം നഷ്ടപരിഹാരം
ദുബായിലെ വാഹനാപകടത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് പൗരന് 70,000 ദിർഹം നഷ്ടപരിഹാരം


ദുബായ്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഹബീബുറഹ്‌മാൻ വാഹിദ് മുള്ളക്ക് 70,000 ദിർഹം (ഏകദേശം 23.3 ലക്ഷം ബംഗ്ലാദേശ് ടാക്ക) നഷ്ടപരിഹാരം ലഭിക്കാൻ കോടതി വിധി. ദുബായിലെ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നിയമസഹായത്തിലൂടെയാണ് ഈ തുക ലഭ്യമായത്.
2023 ഒക്ടോബർ 12-ന് അൽ അവീർ മേഖലയിൽ വെച്ചാണ് അപകടം നടന്നത്. സുരക്ഷിതമല്ലാത്ത രീതിയിൽ തിരിഞ്ഞ ഒരു മിത്സുബിഷി പിക്കപ്പ് ട്രക്ക് ടൊയോട്ട ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഹബീബുറഹ്‌മാൻ. അപകടത്തിൽ ഒരാൾ മരണപ്പെടുകയും ഹബീബുറഹ്‌മാൻ ഉൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മുഖത്തും തുടയിലും ജനനേന്ദ്രിയ ഭാഗത്തും സാരമായ പരിക്കേറ്റ അദ്ദേഹത്തെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് കാരണക്കാരനായ പാകിസ്താൻ സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് കോടതി ഒരു മാസത്തെ തടവും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും വിധിച്ചിരുന്നു. പിന്നീട് നഷ്ടപരിഹാരത്തിനായി ഹബീബുറഹ്‌മാൻ്റെ ബന്ധുക്കൾ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടർന്ന്, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ റിപ്പോർട്ടും പോലീസ് റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകൾ സഹിതം ഇൻഷുറൻസ് അതോറിറ്റിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, ഹബീബുറഹ്‌മാന് 70,000 ദിർഹം നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കായി 3,850 ദിർഹമും നൽകാൻ വിധിച്ചു.