അബൂദാബിയിൽ അപകടത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 70,000 ദിർഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
അബൂദാബിയിൽ അപകടത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 70,000 ദിർഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി


അബൂദാബി: വാഹനാപകടത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശി ഇസ്മാഈൽ ഖൈറുൽ ബഷറിന് 70,000 ദിർഹം (ഏകദേശം 23 ലക്ഷം ബംഗ്ലാദേശ് ടാക്ക) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
2024 ഓഗസ്റ്റ് 2-നായിരുന്നു അപകടം. അബൂദാബിയിലെ അൽ ബാഹിയയിൽ ഷൈഖ് മക്തൂം ബിൻ റാഷിദ് സ്ട്രീറ്റിൽ ഇസ്മാഈൽ സഞ്ചരിക്കുമ്പോൾ, സുരക്ഷ ഉറപ്പാക്കാതെ ഓടിച്ച വോൾവോ ട്രക്കിന്റെ ടയറുകളിൽ ഒന്ന് വേർപെട്ട് വലത് വശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ ടയർ റോഡിൽ നിന്നിരുന്ന ഇസ്മാഈൽ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേൽക്കാൻ കാരണമായി. ഉടൻ തന്നെ ഇദ്ദേഹത്തെ എൻ.എം.സി റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇസ്മാഈലിന്റെ ഇടുപ്പിന് സാരമായി പരിക്കേറ്റിരുന്നു.
ടയറുകളുടെ സുരക്ഷ ഉറപ്പാക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിറിയൻ സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് ക്രിമിനൽ കേസിൽ 7000 ദിർഹം ഫൈൻ ചുമത്തിയിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഇസ്മാഈൽ ഖൈറുൽ ബഷറിന് നഷ്ടപരിഹാരം ലഭിക്കാനായി ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. കേസ് ഏറ്റെടുത്ത ശേഷം, പരിക്കിന്റെ ആഴം വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി, കൃത്യമായ വാദങ്ങൾ ഉൾക്കൊള്ളുന്ന മെമ്മോറാണ്ടം തുടങ്ങിയ ആവശ്യമായ രേഖകൾ സഹിതം സിറിയൻ സ്വദേശിയുടെ വാഹനത്തിന് ഇൻഷൂർ ചെയ്ത കമ്പനിയെ എതിർകക്ഷിയാക്കി കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു.
കേസ് പരിഗണിച്ച കോടതി, ഇസ്മാഈൽ ഖൈറുൽ ബഷറിന് 70,000 ദിർഹം നഷ്ടപരിഹാരമായി നൽകാനും, കൂടാതെ 4108 ദിർഹം മെഡിക്കൽ ചിലവിനത്തിൽ നൽകാനും ഉത്തരവിട്ടു. വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നത് വരെ 5% പലിശയും നൽകണമെന്നും കോടതി വിധിച്ചു.
