റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട മുംബൈ സ്വദേശിയുടെ കുടുംബത്തിന് 72 ലക്ഷം രൂപ (3 ലക്ഷം ദിർഹം) നഷ്ടപരിഹാരം
റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട മുംബൈ സ്വദേശിയുടെ കുടുംബത്തിന് 72 ലക്ഷം രൂപ (3 ലക്ഷം ദിർഹം) നഷ്ടപരിഹാരം


ദുബായ്: ദുബായിൽ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മുംബൈ സ്വദേശിയുടെ കുടുംബത്തിന് നിയമ പോരാട്ടത്തിലൂടെ 3 ലക്ഷം ദിർഹം (ഏകദേശം 72 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു. മുംബൈ ഗോലിബാർ സാന്ദാക്രൂസ് സ്വദേശിയായ നസീം അഹ്‌മദ് ഐനുൽ ഹഖിന്റെ കുടുംബത്തിനാണ് യാബ് ലീഗൽ സർവീസസിന്റെ ഇടപെടലിലൂടെ നീതി ലഭിച്ചത്.
2021 ജൂൺ 12-നാണ് കേസിനാസ്പദമായ അപകടം നടന്നത്. ദുബായിലെ അൽ ഖൈൽ സ്ട്രീറ്റിൽ ഷാർജയിലേക്ക് പോകുന്ന ദിശയിൽ വെച്ച് ഇമാറാത്തി പൗരൻ ഓടിച്ച ബെന്റ്‌ലി കാർ മുന്നിലുണ്ടായിരുന്ന നസീം അഹ്‌മദ് സഞ്ചരിച്ച മോട്ടോർ സൈക്കിളിന് പിന്നിൽ ഇടിക്കുകയായിരുന്നു. മതിയായ അകലം പാലിക്കാതെ കാർ ഓടിച്ചതാണ് അപകടത്തിന് കാരണമായത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നസീം അഹ്‌മദിനെ റാഷിദ് ഹോസ്പിറ്റലിലെ ട്രോമാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ ചതവുണ്ടായതിനെ തുടർന്ന് കോമയിലായ നസീം അഹ്‌മദ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ, അപകടത്തിന് കാരണമായ ഇമാറാത്തി പൗരന് ക്രിമിനൽ കേസ് വിധി പ്രകാരം 3000 ദിർഹംസ് പിഴ ചുമത്തിയിരുന്നു.
നിയമ പോരാട്ടത്തിലെ വഴിത്തിരിവ്:
നഷ്ടപരിഹാരം തേടി നസീമിന്റെ ബന്ധുക്കൾ ആദ്യം അബൂദാബിയിലെ ഒരു അഡ്വക്കേറ്റ് ഓഫീസിനെ സമീപിക്കുകയും പവർ ഓഫ് അറ്റോർണി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ആ ഓഫീസിൽ നിന്ന് കൃത്യമായ ഫോളോ അപ്പോ, മതിയായ ഡോക്യുമെന്റുകളോ സമർപ്പിക്കാത്തതിനാൽ കേസിൽ ഒരു ലക്ഷം ദിർഹം മാത്രമായിരുന്നു ആദ്യം വിധി വന്നത്.
ഇതിനു പിന്നാലെയാണ് നസീമിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്. കേസ് ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്റെ ഫോറൻസിക് റിപ്പോർട്ട്, ക്രിമിനൽ കേസ് റിപ്പോർട്ട് തുടങ്ങിയ മതിയായ രേഖകൾ സഹിതം ദുബായ് സിവിൽ കോടതിയിൽ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു. രേഖകൾ പരിഗണിച്ച കോടതി, അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി 3 ലക്ഷം ദിർഹംസ് നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.
ഈ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും, യാബ് ലീഗൽ സർവീസസ് സമർപ്പിച്ച ശക്തമായ മറുപടി മെമ്മോറാണ്ടം കാരണം അപ്പീൽ കേസ് തള്ളുകയും സിവിൽ കോടതി വിധിച്ച തുക തന്നെ നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.