ദുബായിൽ മദ്യപിച്ച് തെറ്റായ ദിശയിൽ കാറോടിച്ച് അപകടം: പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 7.5 ലക്ഷം ദിർഹം (5.7 കോടി പാകിസ്താൻ രൂപ) നഷ്ടപരിഹാരം
ദുബായിൽ മദ്യപിച്ച് തെറ്റായ ദിശയിൽ കാറോടിച്ച് അപകടം: പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 7.5 ലക്ഷം ദിർഹം (5.7 കോടി പാകിസ്താൻ രൂപ) നഷ്ടപരിഹാരം


ദുബായ്: ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് ഏഴു ലക്ഷത്തി അമ്പതിനായിരം ദിർഹം (ഏകദേശം 5.7 കോടി പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. പാകിസ്താൻ സ്വദേശിയായ സുഹൈൽ മുനീർ മുനീർ ഹുസൈനാണ് ദുബായ് കോടതി ഈ വലിയ തുക നഷ്ടപരിഹാരമായി വിധിച്ചത്. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ഈ വിജയം.
അപകടം നടന്നത് ഇങ്ങനെ:
2023 മാർച്ച് 12-ന് പുലർച്ചെ 3:30-ന് ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് 1-ന് സമീപം ശൈഖ് സായിദ് റോഡിലായിരുന്നു അപകടം. നൈജീരിയൻ വിദ്യാർത്ഥി ഓടിച്ചിരുന്ന ലക്സസ് കാർ മദ്യപിച്ച് അമിതവേഗതയിൽ തെറ്റായ ദിശയിലൂടെ (Wrong Side) വന്ന് സുഹൈൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ നൈജീരിയൻ ഡ്രൈവർ മദ്യപിച്ചിരുന്നതായി ബ്രീത്ത് അനലൈസർ വഴി തെളിഞ്ഞു.
ഗുരുതരമായ പരിക്കുകൾ:
അപകടത്തിൽ സുഹൈലിന് അതീവ ഗുരുതരമായ പരിക്കുകളാണ് ഏറ്റത്. എൻ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പാൻക്രിയാസ്, വൃക്കകൾ, ദഹനവ്യവസ്ഥ, ശ്വസനവ്യവസ്ഥ എന്നിവയ്ക്ക് സ്ഥിരമായ വൈകല്യങ്ങൾ സംഭവിച്ചു. സ്വാഭാവികമായ രീതിയിൽ ശ്വസിക്കാൻ കഴിയാത്തതിനാൽ കഴുത്തിൽ ദ്വാരമിട്ടാണ് (Tracheostomy) ശ്വസനപ്രക്രിയ നടത്തിയിരുന്നത്. കൂടാതെ ചെറുകുടലിന് ദ്വാരം വീണതിനാൽ കുടലിൽ ട്യൂബ് ഘടിപ്പിച്ചാണ് ഭക്ഷണം നൽകിയിരുന്നത്.
നിയമനടപടികൾ:
പ്രതിയായ നൈജീരിയൻ പൗരന് ദുബായ് ക്രിമിനൽ കോടതി ആദ്യം മൂന്ന് മാസം തടവും രണ്ട് വർഷം ലൈസൻസ് സസ്‌പെൻഷനും വിധിച്ചിരുന്നു. അപ്പീൽ കോടതി ഇത് രണ്ട് മാസം തടവായും ആറ് മാസം ലൈസൻസ് സസ്‌പെൻഷനായും കുറച്ചു. തുടർന്ന് പ്രതിഭാഗം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി ആ ഹർജി തള്ളുകയും കീഴ്‌ക്കോടതി വിധി അംഗീകരിക്കുകയുമാണ് ചെയ്തത്.
നഷ്ടപരിഹാരത്തിനായി സുഹൈലിന്റെ ബന്ധുക്കൾ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. യാബ് ലീഗൽ സർവീസസ് മെഡിക്കൽ റിപ്പോർട്ടുകളും ക്രിമിനൽ കോടതി വിധിയും ആധാരമാക്കി ഇൻഷുറൻസ് കമ്പനിക്കെതിരെ ശക്തമായ വാദങ്ങൾ നിരത്തി. കേസ് പരിഗണിച്ച കോടതി 7.5 ലക്ഷം ദിർഹം നഷ്ടപരിഹാരമായും, തുക നൽകുന്നത് വരെ 5 ശതമാനം പലിശയും നൽകാൻ ഉത്തരവിട്ടു. ഇൻഷുറൻസ് കമ്പനി ഇതിനെതിരെ അപ്പീൽ നൽകി സുപ്രീം കോടതി വരെ പോയെങ്കിലും കോടതി ആ വാദങ്ങൾ തള്ളുകയും സുഹൈലിന് അനുകൂലമായ വിധി ശരിവെക്കുകയും ചെയ്തു.
