അവകാശങ്ങള്‍ ആവശ്യപ്പെട്ടതിന് വ്യാജ കേസ്; ദുബായിൽ പ്രവാസി മലയാളിക്ക് ആശ്വാസ വിധി
അവകാശങ്ങള്‍ ആവശ്യപ്പെട്ടതിന് വ്യാജ കേസ്; ദുബായിൽ പ്രവാസി മലയാളിക്ക് ആശ്വാസ വിധി


ദുബായ്: കമ്പനിയിൽനിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ ആവശ്യപ്പെട്ടതിന് വ്യാജ പരാതി നൽകി ക്രിമിനൽ കേസിൽ കുടുക്കിയ പ്രവാസി മലയാളിക്ക് ദുബായ് ക്രിമിനൽ അപ്പീൽ കോടതിയിൽനിന്ന് ആശ്വാസകരമായ വിധി. ഒന്നര വർഷത്തോളം യാത്രാവിലക്കും ജയിൽവാസവും അനുഭവിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ക്രിപാൽ തങ്കച്ചൻ നിരപരാധിയാണെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു.
2023 ഡിസംബര്‍ 18 നാണ് ക്രിപാൽ തൻ്റെ ജോലിയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള റെസിഗ്നേഷൻ ലെറ്റർ അയച്ച്, ശേഷം നോട്ടീസ് പിരീഡ് പൂര്‍ത്തിയാക്കിയത്. തുടർന്ന് കമ്പനിയിൽ നിന്ന് ലഭിക്കേണ്ട ഗ്രാറ്റുവിറ്റിയും വാർഷിക ലീവ് സാലറിയും ആവശ്യപ്പെട്ടപ്പോൾ, കമ്പനി അധികാരികൾ അത് നിഷേധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് ക്രിപാൽ ലേബർ കോടതിയിൽ പരാതി നൽകുകയും കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ കമ്പനി ഉടമ, ക്രിപാൽ കമ്പനിയിൽ നിന്ന് 69,000 ദിർഹം അപഹരിച്ചുവെന്ന് ആരോപിച്ച് ഖിസൈസ് പോലീസ് സ്റ്റേഷനില്‍ വ്യാജ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് ക്രിമിനൽ കോടതി ക്രിപാലിന് 79,000 ദിർഹം പിഴ ചുമത്തുകയായിരുന്നു.
തുടർന്ന്, ക്രിപാൽ YAB ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ക്രിപാലിന്റെ നിരപരാധിത്വം തെളിയിക്കുന്ന രേഖകൾ സഹിതം അപ്പീൽ നൽകി. കേസ് പരിഗണിച്ച അപ്പീൽ കോടതി, ക്രിപാൽ പണം കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു വിദഗ്ദ്ധനെ നിയമിച്ചു.
കോടതിയിൽ, കമ്പനിയുടെ പരാതിക്ക് തെളിവുകളോ രേഖകളോ ഇല്ലെന്ന് ക്രിപാലിന്റെ അഭിഭാഷകൻ വാദിച്ചു. ഇത് ലേബർ കോടതിയിലെ കേസിലുള്ള പ്രതികാര നടപടിയാണെന്നും ചൂണ്ടിക്കാട്ടി. വാദങ്ങൾ പരിശോധിച്ച കോടതി, കമ്പനി ഉടമയുടെ മൊഴി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും, സാക്ഷികളായി വന്ന ജീവനക്കാരുടെ മൊഴി സ്വീകരിക്കാനാവില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു.
പണം അപഹരിച്ചതിന് മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ക്രിപാൽ നിരപരാധിയാണെന്ന് കണ്ടെത്തി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച ഈ വിധി ക്രിപാലിന് വലിയ ആശ്വാസമാണ് നൽകിയത്.
