റോഡ് അപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 7.7 ലക്ഷം പാകിസ്താനി രൂപ നഷ്ടപരിഹാരം

റോഡ് അപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 7.7 ലക്ഷം പാകിസ്താനി രൂപ നഷ്ടപരിഹാരം

8/4/2025

അബുദാബി: റോഡ് അപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 10,000 ദിർഹം (ഏകദേശം 7.7 ലക്ഷം പാകിസ്താനി രൂപ) നഷ്ടപരിഹാരം ലഭിച്ചു. അബുദാബിയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ അർബാബ് അഹ്മദ് ഔറംഗസീബിനാണ് യാബ് ലീഗൽ സർവീസസിൻ്റെ ഇടപെടലിലൂടെ നീതി ലഭിച്ചത്.

2024 ജനുവരി 2-ന് രാത്രി 8:10-ന് അബുദാബിയിലെ ഖാലിദിയ്യ മാളിന് സമീപത്താണ് അപകടം നടന്നത്. അശ്രദ്ധമായി ലൈൻ മാറിയ ഇന്ത്യൻ സ്വദേശി ഓടിച്ച കാർ അർബാബ് അഹ്മദ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ അർബാബ് അഹ്മദിന്റെ വലതുകൈക്ക് പരിക്കേൽക്കുകയും തുടർന്ന് ഷെയ്ഖ് സായിദ് സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർക്ക് ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിൻ്റെ പേരിൽ 1000 ദിർഹം പിഴ ചുമത്തിയിരുന്നു. തുടർന്ന്, നഷ്ടപരിഹാരം തേടി അർബാബ് അഹ്മദിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു.

മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് റിപ്പോർട്ട് ഉൾപ്പെടെയുള്ള എല്ലാ രേഖകളും സമർപ്പിച്ച് ഇൻഷുറൻസ് അതോറിറ്റിയിൽ കേസ് രജിസ്റ്റർ ചെയ്തു. രേഖകൾ പരിശോധിച്ച കോടതി, അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി 10,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു.