വ്യാജ ഒപ്പിട്ട ചെക്ക് കേസ്: മലയാളി യുവതിക്ക് ദുബായ് കോടതിയുടെ ആശ്വാസവിധി

വ്യാജ ഒപ്പിട്ട ചെക്ക് കേസ്: മലയാളി യുവതിക്ക് ദുബായ് കോടതിയുടെ ആശ്വാസവിധി

9/24/2025

ഷാര്‍ജ: വ്യാജമായി ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് നല്‍കിയ കേസില്‍ തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശിനി റിസാന അജ്മലിന് അനുകൂല വിധി. കേസിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ദുബായ് കോടതി നീക്കുകയും ചെയ്തു.

റിസാന അറിയാതെയാണ് ഭര്‍ത്താവ് അവരുടെ പേരില്‍ ഹിലാല്‍ ബാങ്കില്‍നിന്നുള്ള മൂന്ന് ചെക്കുകള്‍ മലയാളികളായ രണ്ടുപേര്‍ക്ക് നല്‍കിയത്. ഒരാള്‍ക്ക് 31,200 ദിര്‍ഹമിന്റെയും മറ്റൊരാള്‍ക്ക് 25,000 ദിര്‍ഹമിന്റെയും ചെക്കുകളാണ് നല്‍കിയത്. എന്നാല്‍, അക്കൗണ്ടില്‍ മതിയായ പണമില്ലാതിരുന്നതിനാല്‍ ഈ ചെക്കുകള്‍ മടങ്ങുകയായിരുന്നു. തുടര്‍ന്ന് ചെക്ക് ലഭിച്ചവര്‍ റിസാനയ്ക്കെതിരെ ദുബായ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

കേസിന്റെ ഭാഗമായി റിസാനയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ഫീസ് ഉള്‍പ്പെടെ 58,444 ദിര്‍ഹം നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു. ഈ നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ റിസാന യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. റിസാനയുടെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം സൗജന്യമായി കേസ് ഏറ്റെടുക്കുകയായിരുന്നു.

തുടര്‍ന്ന് കേസ് റീഓപണാക്കുകയും, ചെക്കില്‍ ഒപ്പിട്ടത് റിസാനയല്ലെന്നും വ്യാജ ഒപ്പാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു. തുടര്‍ന്ന് ഫോറന്‍സിക് പരിശോധനക്കായി ചെക്കുകള്‍ അയച്ചു. അജ്മാന്‍ മുനിസിപ്പാലിറ്റിയില്‍ റിസാന നല്‍കിയ ഫോമിലെ കൈയൊപ്പ് സാമ്പിളായി എടുത്തു. വിശദമായ പരിശോധനയില്‍ ചെക്കിലെ ഒപ്പ് റിസാനയുടേതല്ലെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തുകയും, ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ചെക്ക് കേസ് നിലനില്‍ക്കില്ലെന്നും വ്യാജ ഒപ്പാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്ന് റിസാനയുടെ യാത്രാവിലക്ക് നീക്കുകയായിരുന്നു. ഈ വിധിക്കെതിരെ എതിര്‍കക്ഷിയില്‍ പെട്ട ഒരാള്‍ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതി പ്രാഥമിക കോടതി വിധി ശരിവെക്കുകയായിരുന്നു.