അബുദാബിയിലെ അപകടത്തിൽ പാകിസ്ഥാൻ പൗരന് 80,000 ദിർഹം നഷ്ടപരിഹാരം ലഭിച്ചു

അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി യാസിർ അമിൻ മുഹമ്മദ് അമിന് 80,000 ദിർഹം (62 ലക്ഷം പാകിസ്താനി രൂപ) നഷ്ടപരിഹാരം ലഭിക്കാൻ കോടതി വിധി. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പനിശ്ശേരിയുടെ ഇടപെടലിലൂടെയാണ് ഈ വിധി.

7/10/2025

2023 ഒക്ടോബർ 27-ന് അബുദാബിയിലെ സാസ് അൽ നഖ്ൽ റൗണ്ട് എബൗട്ടിൽ വെച്ചാണ് അപകടം നടന്നത്. യാസിർ തന്റെ ഹോണ്ട യൂണികോൺ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ, പിന്നിൽ നിന്ന് വന്ന ഇന്ത്യൻ സ്വദേശിയായ ഡ്രൈവർ ഓടിച്ച കാർ യാസിറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. വ്യക്തമായി ഉറപ്പുവരുത്താതെ റോഡിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്ന് ക്രിമിനൽ കോടതി കണ്ടെത്തുകയും കാർ ഡ്രൈവർക്ക് 2000 ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.

അപകടത്തെ തുടർന്ന് യാസിറിന്റെ നട്ടെല്ലിനും മുതുകിനും സാരമായി പരിക്കേറ്റിരുന്നു. ക്രിമിനൽ കേസ് വിധിക്ക് ശേഷവും നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് യാസിർ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പനിശ്ശേരിയെ സമീപിച്ചത്. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച്, നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമപരമായ നടപടികൾ അദ്ദേഹം ആരംഭിച്ചു. ക്രിമിനൽ കേസ് വിധി, മെഡിക്കൽ റിപ്പോർട്ടുകൾ, മറ്റ് ആവശ്യമായ രേഖകൾ എന്നിവ കോടതിയിൽ സമർപ്പിച്ചു. കേസ് പരിഗണിച്ച കോടതി, കാറിന്റെ ഇൻഷുറൻസ് അതോറിറ്റി 80,000 ദിർഹം (62 ലക്ഷം പാകിസ്താനി രൂപ) നഷ്ടപരിഹാരമായി യാസിർ അമിൻ മുഹമ്മദ് അമിന് നൽകണമെന്ന് വിധിച്ചു.