അൽ ഐൻ വാഹനാപകടം: ജയ് സിങ് ചൗഹാന് 80,000 ദിർഹം നഷ്ടപരിഹാരം
അൽ ഐൻ വാഹനാപകടം: ജയ് സിങ് ചൗഹാന് 80,000 ദിർഹം നഷ്ടപരിഹാരം


അൽ ഐൻ: അൽ ഐനിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്വദേശി ജയ് സിങ് ചൗഹാന് 80,000 ദിർഹം (ഏകദേശം 18.7 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു. YAB ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നിയമസഹായത്തിലൂടെയാണ് ഈ വിധി നേടിയത്.
2023 മെയ് 25-നാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ജയ് സിങ്ങിനെ, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ അശ്രദ്ധമായി വാഹനമോടിച്ച ഫിലിപ്പൈൻ സ്വദേശിനിയുടെ കാര്‍ ഇടിക്കുകയായിരുന്നു. ഗതാഗത അടയാളങ്ങളോ നിയമങ്ങളോ പാലിക്കാതെയായിരുന്നു ഫിലിപ്പൈൻ സ്വദേശിനി വാഹനമോടിച്ചത്. അപകടത്തെത്തുടർന്ന് ജയ് സിങ്ങിന് കൈകൾക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടായി. ഉടൻതന്നെ അദ്ദേഹത്തെ അൽ ഐൻ തവാം ഹോസ്പിറ്റലിലേക്ക് മാറ്റി.
ഈ സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, കാര്‍ ഡ്രൈവർക്ക് 3,000 ദിർഹം പിഴ ചുമത്തുകയും മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന്, ജയ് സിങ് സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള YAB ലീഗൽ സർവീസസിനെ സമീപിച്ചു. അപകട റിപ്പോർട്ട്, ക്രിമിനൽ കേസ് വിധി, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, പേയ്‌മെന്റ് രസീതുകൾ തുടങ്ങിയ ആവശ്യമായ രേഖകൾ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചു.
ആദ്യഘട്ടത്തിൽ, കാറിന്റെ നിലവിലുണ്ടായിരുന്ന ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കേസ് നൽകിയത്. ഇൻഷുറൻസ് അതോറിറ്റി ഈ കമ്പനി 80,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. എന്നാൽ, അപകടം നടന്ന സമയത്ത് ഇൻഷുർ ചെയ്ത കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകി. ഈ അപ്പീൽ സ്വീകരിച്ച അപ്പീൽ കോടതി, അപകടം നടന്ന സമയത്ത് ഇൻഷുർ ചെയ്ത കമ്പനിയാണ് ജയ് സിങ്ങിന് നഷ്ടപരിഹാരം നൽകേണ്ടതെന്ന് വിധി പുറപ്പെടുവിച്ചു.