വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് 80,000 ദിർഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് 80,000 ദിർഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി


അബുദാബി: അൽ ഐൻ - അബുദാബി റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ പൗരനായ മുൻസിഫ് അലി സഈദു സ്സമാന് (Munsif Ali Said Uz Zaman) 80,000 ദിർഹം (ഏകദേശം 61 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് തർക്ക പരിഹാര കോടതി വിധിച്ചു.
പാകിസ്താൻ സ്വദേശി ഓടിച്ചിരുന്ന ഒരു വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ട്രാഫിക് ലൈറ്റിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിക്കുകയും, തുടർന്ന് തെന്നിമാറി രണ്ടാമത്തെ വാഹനത്തിലും കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ വാഹനത്തിലെ യാത്രക്കാരനായിരുന്നു മുൻസിഫ് അലി. അദ്ദേഹത്തിന്റെ കൈക്കും മൂക്കിനും സാരമായി പരിക്കേൽക്കുകയും ഉടൻതന്നെ അൽ ഐനിലെ തവാം ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തിന് കാരണക്കാരനായ പാകിസ്താൻ സ്വദേശിക്ക് ക്രിമിനൽ കേസിൽ 3,000 ദിർഹം പിഴ ചുമത്തിയിരുന്നു.
സംഭവത്തെ തുടർന്ന്, മുൻസിഫ് അലിയുടെ ബന്ധുക്കൾ YAB Legal Services സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും, അദ്ദേഹം കേസ് ഏറ്റെടുത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയുമായിരുന്നു.
അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി 80,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാനും, വിധി വന്നതു മുതല്‍ പൂര്‍ണമായി അടച്ചു തീര്‍ക്കുന്നതു വരെ 5 ശതമാനം പലിശ നല്‍കാനും, 3850 ദിര്‍ഹം മെഡിക്കല്‍ ചെലവിനും, 500 ദിര്‍ഹം അഡ്വക്കറ്റ് ഫീസായും നല്‍കാന്‍ ഇന്‍ഷൂറന്‍സ് തര്‍ക്ക പരിഹാര കോടതി വിധിച്ചു. ഈ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും, മുൻസിഫ് അലിയുടെ അഡ്വക്കറ്റ് സമർപ്പിച്ച ശക്തമായ മറുപടി മെമ്മോറാണ്ടത്തെ തുടർന്ന് കോടതി അപ്പീലുകൾ തള്ളുകയായിരുന്നു.
