വാഹനാപകടത്തിൽ മരണപ്പെട്ട തഞ്ചാവൂർ സ്വദേശിയുടെ കുടുംബത്തിന് 86 ലക്ഷം രൂപ നഷ്ടപരിഹാരം
വാഹനാപകടത്തിൽ മരണപ്പെട്ട തഞ്ചാവൂർ സ്വദേശിയുടെ കുടുംബത്തിന് 86 ലക്ഷം രൂപ നഷ്ടപരിഹാരം


ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മുഹമ്മദ് ഹനീഫ റഹ്‌മതുല്ലയുടെ കുടുംബത്തിന് 3,50,000 ദിർഹം (ഏകദേശം 86 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ നിയമ ഇടപെടലുകളാണ് ഈ വിധിക്ക് ആധാരമായത്.
2024 നവംബർ 26-ന് ഉമ്മുൽ ഖുവൈൻ ഇൻഡസ്ട്രിയൽ ഏരിയയിലായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. റോഡരികിലെ കണ്ടെയ്‌നറുകൾക്കിടയിലൂടെ നടന്നുപോവുകയായിരുന്ന ഹനീഫയെ സിറിയൻ സ്വദേശി ഓടിച്ച മിത്സുബിഷി കാന്റർ ട്രക്ക് അമിതവേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി.
ഡ്രൈവർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ക്രിമിനൽ കോടതി മൂന്ന് വ്യത്യസ്ത കുറ്റങ്ങൾ ചുമത്തി ഇയാൾക്ക് 5,000 ദിർഹം പിഴ വിധിച്ചു. കൂടാതെ, മരിച്ച ഹനീഫയുടെ കുടുംബത്തിന് 2,00,000 ദിർഹം ദിയാധനം (ബ്ലഡ് മണി) നൽകാനും മരണപ്പെട്ടതിന് പ്രായശ്ചിത്തമായി രണ്ട് മാസം നോമ്പ് (കഫാറത്ത്) അനുഷ്ഠിക്കാനും കോടതി ഉത്തരവിട്ടു.
ക്രിമിനൽ കോടതി വിധിച്ച ദിയാധനം ഹനീഫയുടെ കുടുംബത്തിന്റെ നഷ്ടങ്ങൾക്ക് പകരമാവില്ലെന്ന് ബോധ്യപ്പെട്ട യാബ് ലീഗൽ സർവീസസിലെ അഭിഭാഷകർ ഇൻഷുറൻസ് തർക്ക പരിഹാര കോടതിയെ സമീപിച്ചു. കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകളും നിയമപരമായ വാദങ്ങളും ഉൾക്കൊള്ളുന്ന മെമ്മോറാണ്ടം കോടതിയിൽ സമർപ്പിച്ചു.
യാബ് ലീഗൽ സർവീസസിന്റെ വാദങ്ങൾ അംഗീകരിച്ച ഇൻഷുറൻസ് കോടതി, നേരത്തെ വിധിച്ച 2,00,000 ദിർഹം ദിയാധനത്തിന് പുറമെ 1,50,000 ദിർഹം കൂടി കുടുംബത്തിന് അധികമായി നൽകാൻ വിധിച്ചു. ഇതോടെ ആകെ നഷ്ടപരിഹാര തുക 3.50 ലക്ഷം ദിർഹമായി ഉയർന്നു. കൂടാതെ, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നത് വരെ അഞ്ച് ശതമാനം പലിശയും ഇൻഷുറൻസ് കമ്പനി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
