ഷാർജയിൽ മദ്യപിച്ച് വാഹനമോടിച്ച കേസ്: അപ്പീൽ കോടതിയിൽ പ്രവാസിക്ക് അനുകൂലമായ വിധി; തടവും നാടു കടത്തലും ഒഴിവാക്കി

ഷാർജയിൽ മദ്യപിച്ച് വാഹനമോടിച്ച കേസ്: അപ്പീൽ കോടതിയിൽ പ്രവാസിക്ക് അനുകൂലമായ വിധി; തടവും നാടു കടത്തലും ഒഴിവാക്കി

1/13/2026

ഷാർജ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പ്രഥമ കോടതി വിധിച്ച കഠിന ശിക്ഷകളിൽ ഷാർജ അപ്പീൽ കോടതിയിൽ നിന്ന് പ്രവാസിക്ക് വലിയ ഇളവുകൾ. ഒരു മാസം തടവും 30,000 ദിർഹം പിഴയും നാടുകടത്തലുമായിരുന്നു പ്രഥമ കോടതിയുടെ വിധി. എന്നാൽ അപ്പീൽ കോടതിയിൽ നടന്ന നിയമപോരാട്ടത്തിൽ തടവ് പൂർണ്ണമായും ഒഴിവാക്കുകയും പിഴത്തുക 7,000 ദിർഹമായി കുറയ്ക്കുകയും ചെയ്തു.

ഷാർജയിലെ സജ്ജ ഏരിയയിൽ 2025 ഓഗസ്റ്റ് 16-ന് പുലർച്ചെ 3:00 മണിക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തമിഴ്‌നാട് പുളിങ്ങുടി സ്വദേശിയായ സയ്യിദ് മീരാൻ സയ്യിദിനെതിരായ ക്രിമിനൽ കേസിലാണ്‌ അപ്പീൽ കോടതിയിൽ വഴിത്തിരിവുണ്ടായത്‌. താൻ റെഡ് ഹോഴ്‌സ് ബിയർ കഴിച്ചതിന് ശേഷമാണ് വാഹനമോടിച്ചതെന്നും റോഡരികിൽ നിർത്തിയിട്ടിരുന്ന പാകിസ്താനി പൗരന്റെ വാഹനത്തിൽ ഇടിച്ചതെന്നും പ്രതി സമ്മതിച്ചിരുന്നു. തുടർന്ന്, നിയമപരമായി അനുവദനീയമല്ലാത്ത സാഹചര്യങ്ങളിൽ മദ്യപാനം, മദ്യലഹരിയിൽ വാഹനമോടിക്കൽ, അശ്രദ്ധ കാരണം മറ്റൊരാളുടെ സ്വത്തിന് കേടുപാടുകൾ വരുത്തൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. പ്രതി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് 2025 സെപ്റ്റംബർ 29-ന് പ്രഥമ കോടതി ഒരു മാസം തടവും, 30,000 ദിർഹം (5,000+20,000+5,000) പിഴയും, ഒരു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കലും, തടവിന് പകരമായി രാജ്യത്തുനിന്നുള്ള നാടുകടത്തലും ശിക്ഷയായി വിധിച്ചു. ഈ വിധി വന്നതിന് ശേഷമാണ് സയ്യിദ് മീരാൻ കേസ് യാബ് ലീഗൽ സർവീസസിനെ ഏൽപ്പിക്കുന്നത്; യാബ് ലീഗൽ സർവീസസിലെ അഡ്വക്കറ്റുമാർ കേസ് വീണ്ടും ഓപ്പണാക്കുകയും, അപ്പീൽ കോടതിയിൽ മെമ്മോറാണ്ടം സമർപ്പിക്കുകയും നിയമപരമായ വാദങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി, 2025 നവംബർ 26-ന് അപ്പീൽ കോടതി തടവ് ശിക്ഷയും നാടുകടത്തലും ഒഴിവാക്കി, പിഴത്തുക ആകെ 7,000 ദിർഹമായി (ഒന്നാം കുറ്റത്തിന് 3,000 ദിർഹം, രണ്ടാം കുറ്റത്തിന് 3,000 ദിർഹം, മൂന്നാം കുറ്റത്തിന് 1,000 ദിർഹം) കുറയ്ക്കുകയും, ലൈസൻസ് റദ്ദാക്കൽ കാലയളവ് മൂന്ന് മാസത്തേക്ക് പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് വിധി പരിഷ്കരിച്ചു.