ഗ്യാസ് സിലിണ്ടർ കേസ്: മൂന്ന് ഇന്ത്യൻ പൗരന്മാരെ ദുബായ് കോടതി കുറ്റവിമുക്തരാക്കി

ഗ്യാസ് സിലിണ്ടർ കേസ്: മൂന്ന് ഇന്ത്യൻ പൗരന്മാരെ ദുബായ് കോടതി കുറ്റവിമുക്തരാക്കി

9/20/2025

ദുബായ്: നിയമവിരുദ്ധമായി ഗ്യാസ് സിലിണ്ടറുകൾ കടത്തിയെന്നാരോപിച്ച് ദുബായിൽ കേസെടുക്കപ്പെട്ട മൂന്ന് ഇന്ത്യൻ പൗരന്മാരെ ദുബായ് കോടതി കുറ്റവിമുക്തരാക്കി. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്നും പ്രതികളുടെ കുറ്റം സംശയാതീതമായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

പഞ്ചാബ് സ്വദേശികളായ മൂന്നുപേരെയാണ്‌ കോടതി കുറ്റവിമുക്തരാക്കിയത്. 2023 ഓഗസ്റ്റ് 9-ന് ജബൽ അലി പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് ഇവർ സഞ്ചരിച്ച കാറിൽ നിന്ന് അഞ്ച് ഗ്യാസ് സിലിണ്ടറുകൾ പോലീസ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. തീപിടിക്കുന്ന വസ്തുക്കൾ നിയമവിരുദ്ധമായി വാഹനത്തിൽ കടത്തി, ആവശ്യമായ ലൈസൻസ് ഇല്ലാതെ പെട്രോളിയം ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്തു എന്നീ രണ്ട് കേസുകളാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഇവർക്കെതിരെ ഫയൽ ചെയ്തത്.

പ്രതികൾക്ക് വേണ്ടി യാബ് ലീഗല്‍ സര്‍വീസസിലെ അഭിഭാഷകരാണ് ഹാജരായത്. കേസിന്റെ വാദത്തിനിടെ, പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകൾ പിന്നീട് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, അവയുടെ ഉള്ളടക്കം എന്താണെന്ന് സ്ഥിരീകരിക്കുന്ന ഒരു സാങ്കേതിക റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. കൂടാതെ, അറബി ഭാഷ അറിയാത്ത പ്രതികളിൽ നിന്ന് ഒരു ദ്വിഭാഷിയുടെ സഹായമില്ലാതെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങൾ പരിശോധിച്ച കോടതി, ക്രിമിനൽ നടപടിച്ചട്ടത്തിലെ ആർട്ടിക്കിൾ 212 പ്രകാരം പ്രതികളെ കുറ്റവിമുക്തരാക്കി വിധി പ്രസ്താവിക്കുകയായിരുന്നു. ഈ വിധി യുഎഇ ഭരണഘടന ഉറപ്പുനൽകുന്ന 'പ്രതി നിരപരാധിയാണ്' എന്ന നിയമപരമായ തത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് യാബ് സിഇഒ സലാം പാപ്പിനിശ്ശേരി പ്രതികരിച്ചു.