20 വർഷത്തെ സേവനം; ദുബായിൽ അന്തരിച്ച കോട്ടയം സ്വദേശിനിയുടെ കുടുംബത്തിന് 1.25 ലക്ഷം ദിർഹം (30 ലക്ഷം രൂപ) തൊഴിൽ ആനുകൂല്യങ്ങൾ ലഭിച്ചു

20 വർഷത്തെ സേവനം; ദുബായിൽ അന്തരിച്ച കോട്ടയം സ്വദേശിനിയുടെ കുടുംബത്തിന് 1.25 ലക്ഷം ദിർഹം (30 ലക്ഷം രൂപ) തൊഴിൽ ആനുകൂല്യങ്ങൾ ലഭിച്ചു

10/13/2025

ദുബായ്: ദുബായ് ഹെൽത്ത് അതോറിറ്റിയിൽ (DHA) നഴ്‌സായി സേവനമനുഷ്ഠിക്കവേ കരൾരോഗം ബാധിച്ച് അന്തരിച്ച കോട്ടയം സ്വദേശിനി ആശ അല്ലി കുര്യന്റെ കുടുംബത്തിന് നിയമനടപടികളിലൂടെ കമ്പനിയിൽ നിന്നുള്ള ആനുകൂല്യത്തുകയായ 1,25,241.34 ദിർഹം (ഏകദേശം 30 ലക്ഷം ഇന്ത്യൻ രൂപ) ലഭിച്ചു.

2003 മുതല്‍ 2023 വരെ ദുബായ് ഹെൽത്ത് അതോറിറ്റിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ആശ അല്ലി കുര്യൻ 2023 മെയ് 18-നാണ് ലിവർ ഫൈലർ മൂലം മരണപ്പെട്ടത്. മരണശേഷം തൊഴിലാനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ആശയുടെ ബന്ധുക്കൾ യാബ് ലീഗൽ സർവീസിനെ സമീപിക്കുകയായിരുന്നു.

സലാം പാപ്പിനിശ്ശേരിയുടെ മാർഗ്ഗനിർദ്ദേശത്തിൽ, കോടതി മുഖേന കമ്പനിയിലെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കി. നോൺ-മുസ്‌ലിം വിഭാഗക്കാർക്കായുള്ള തരികാത് കേസ് കോടതിയിൽ ഫയൽ ചെയ്യുകയും ആവശ്യമായ രണ്ട് സാക്ഷികളെ ഹാജരാക്കുകയും ചെയ്തു. തുടർന്ന്, നിയമപ്രകാരമുള്ള എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചു.

കേസ് പരിഗണിച്ച ഇൻഹെറിറ്റൻസ് കോടതി ജഡ്ജി, ആശ അല്ലിയുടെ മരണം സ്ഥിരീകരിക്കുകയും അനന്തരാവകാശികളെ നിർണയപ്പെടുത്തുകയും ചെയ്തു. മരണാനന്തരമുള്ള എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ 1,25,241.34 ദിർഹം ( 30 ലക്ഷം ഇന്ത്യൻ രൂപ) അനന്തരാവകാശികൾക്ക് നൽകാൻ കോടതി വിധിച്ചു.

ഭർത്താവും പ്രായപൂര്‍ത്തി എത്താത്ത മൂന്ന് പെൺമക്കളുമടങ്ങുന്നതാണ് ആശയുടെ കുടുംബം. കോടതി വിധി പ്രകാരം, ആനുകൂല്യത്തുക ആറ് ഷെയറുകളായാണ് ഭാഗിച്ചത്. ഇതിൽ ഭർത്താവിന് മൂന്ന് ഷെയറുകളും ഓരോ മകൾക്കും ഓരോ ഷെയർ വീതവും ലഭിച്ചു. മൂന്ന് പെൺമക്കളും മൈനറായതിനാൽ, കുട്ടികളുടെ ഓഹരി അവരുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് കൈമാറിയത്.