റാസൽഖൈമയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം
റാസൽഖൈമയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം


റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. ഷാർജയിൽ സെയിൽസ് സൂപ്പർവൈസറായ നിയാദ് നസീറിനാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
2024 മെയ് 20-ന് രാവിലെ റാസൽഖൈമയിലെ കദ്ര സ്ട്രീറ്റിൽ ഷൗക ഭാഗത്തേക്ക് പോകുന്ന റൂട്ടിലായിരുന്നു അപകടം. നിയാദ് തന്റെ നിസാൻ സണ്ണി കാറിൽ യാത്ര ചെയ്യവെ, എതിർദിശയിൽ നിന്ന് വന്ന പാകിസ്താൻ സ്വദേശി ഓടിച്ചിരുന്ന വാഹനം ഓവർടേക്കിംഗ് നിരോധിച്ച സ്ഥലത്ത് വെച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചു. മുൻപിൽ നിയാദിന്റെ വാഹനം കണ്ട് നിയന്ത്രണം വിട്ട പാക് സ്വദേശി തന്റെ വാഹനം റോഡിന് പുറത്തെ മൺപാതയിലേക്ക് (Off-road) വെട്ടിച്ചു. ഇതേസമയം അപകടം ഒഴിവാക്കാൻ നിയാദും വാഹനം അങ്ങോട്ട് തന്നെ മാറ്റിയതോടെ ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ നിയാദിന്റെ കാലിന് സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹം YAB Legal Services സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. അപകടത്തിന് കാരണക്കാരനായ പാക് സ്വദേശിക്ക് ക്രിമിനൽ കോടതി 5,000 ദിർഹം പിഴ വിധിച്ചിരുന്നു. ഇതിന് പിന്നാലെ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ പാക് സ്വദേശിയുടെ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി ഇന്‍ഷൂറന്‍സ് തര്‍ക്കപരിഹാര കോടതിയില്‍ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു.
പരിശോധനയിൽ നിയാദിന് കാലിന്റെ ശേഷിയിൽ 30% വൈകല്യം സംഭവിച്ചതായി ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കിയതിനെ തുടർന്ന് കോടതി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചു. എന്നാൽ ഈ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചു. എന്നാൽ YAB Legal Services കൃത്യമായ രേഖകളും മറുപടി മെമ്മോറാണ്ടവും സമർപ്പിച്ചതോടെ അപ്പീൽ തള്ളിയ കോടതി പ്രാഥമിക കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.
