നിയമക്കുരുക്കുകള്‍ നീങ്ങി; പത്തനംതിട്ട സ്വദേശി ബിനു രാജന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോയി

നിയമക്കുരുക്കുകള്‍ നീങ്ങി; പത്തനംതിട്ട സ്വദേശി ബിനു രാജന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോയി

10/20/2025

ഷാര്‍ജ: സാമ്പത്തിക, നിയമപരമായ പ്രതിസന്ധികള്‍ക്ക് ഒടുവില്‍, ഷാര്‍ജയില്‍ അന്തരിച്ച പത്തനംതിട്ട, പന്തളം സ്വദേശി ബിനു രാജന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. യാത്രാവിലക്ക് കാരണം ദുരിതത്തിലായിരുന്ന ഭാര്യ ശ്രീലയും ഭര്‍ത്താവിന്റെ അന്ത്യയാത്രയില്‍ അനുഗമിച്ചിരുന്നു.

കഴിഞ്ഞ മാസം 29-നാണ് ഹൃദയാഘാതം മൂലം ബിനു രാജന്‍ ഷാര്‍ജയിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഫോറന്‍സിക് നടപടികളിലെ കാലതാമസവും, പിന്നാലെ റിയല്‍ എസ്റ്റേറ്റ് കമ്പനി നല്‍കിയ കേസിനെ തുടര്‍ന്നുണ്ടായ ട്രാവല്‍ ബാനുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശ്രീലയുടെ യാത്രയ്ക്കും തടസ്സമായത്.

യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ശ്രീലയുടെ യാത്രാവിലക്ക് നീക്കുകയായിരുന്നു. വ്യാഴായ്ച രാത്രി എയര്‍ ഇന്ത്യ വിമാനത്തിലാണ്‌ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്‌.

ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു പ്രിന്റിംഗ് പ്രസ് ഡിസൈനറായിരുന്ന ബിനു. ഷുഗര്‍ രോഗം മൂലം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു. ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കളായ നന്ദിനിയും നിവേദും നാട്ടില്‍ പഠിക്കുകയാണ്.