ദുബായ് വാഹനാപകടം: മരിച്ച പാക് പൗരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനം നല്‍കാന്‍ കോടതി വിധി
ദുബായ് വാഹനാപകടം: മരിച്ച പാക് പൗരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനം നല്‍കാന്‍ കോടതി വിധി


ദുബായ്: 2025 ജനുവരി 8-ന് ദുബായിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട പാകിസ്ഥാൻ പൗരൻ മുഹമ്മദ് ആസിഫ് ഖുദാ ബക്ഷിന്റെ (ബഹാവൽപൂർ സ്വദേശി) കുടുംബത്തിന് ദുബായ് ക്രിമിനൽ കോടതി 2 ലക്ഷം ദിർഹം (ഏകദേശം 1 കോടി 52 ലക്ഷം പാകിസ്ഥാനി രൂപ) ദിയാധനം (ബ്ലഡ് മണി) നല്‍കാന്‍ കോടതി വിധി.
ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിന് എതിർവശത്തുള്ള അൽ ഇത്തിഹാദ് റോഡിൽ ഷാർജയിലേക്കുള്ള ദിശയിൽ വെച്ചാണ് അപകടമുണ്ടായത്. നാല് കാറുകളും രണ്ട് മോട്ടോർ സൈക്കിളുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ അപകടത്തിൽപെട്ടിരുന്നു.
ഇറാൻ പൗരനായ ഒരു ഡ്രൈവർ ഓടിച്ച വാഹനം, സാഹചര്യങ്ങൾ കണക്കിലെടുക്കാതെയും ശ്രദ്ധയില്ലാതെയും സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് വെട്ടിത്തിരിഞ്ഞതാണ് വൻ അപകടത്തിന് കാരണമായത്. ഈ വാഹനം ആദ്യം ഒരു ഈജിപ്ഷ്യൻ പൗര ഓടിച്ച കാറിൽ ഇടിച്ചു. ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഈ കാർ മുന്നിലൂടെ പോവുകയായിരുന്ന മോട്ടോർ സൈക്കിളിൽ ശക്തമായി ഇടിച്ചു. മോട്ടോർ സൈക്കിൾ തെന്നിമാറി, അൽ ഇത്തിഹാദ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ആസിഫ് ഖുദാ ബക്ഷ് ഓടിച്ച മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ആസിഫ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
അപകടത്തിന് കാരണക്കാരനായ ഇറാൻ സ്വദേശിയായ ഡ്രൈവർക്ക്, അപകടത്തിന് തൊട്ടുമുമ്പ് ആരോഗ്യപ്രശ്‌നമുണ്ടായതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഭാര്യയുടെ മൊഴിയിൽ പറയുന്നു.
കേസ് പരിഗണിച്ച ദുബായ് ക്രിമിനൽ കോടതി അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് 10,000 ദിർഹം പിഴയും, ആറ് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും ശിക്ഷ വിധിച്ചു. കൂടാതെ, മരണപ്പെട്ട മുഹമ്മദ് ആസിഫിന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനം നൽകാനും ഉത്തരവിട്ടു.
പ്രായമായ അച്ഛനും അമ്മയും ഭാര്യയും ഉൾപ്പെടുന്നതാണ് മുഹമ്മദ് ആസിഫിന്റെ കുടുംബം. കോടതി വിധിച്ച 2 ലക്ഷം ദിർഹം ദിയാധനം മാത്രം കുടുംബത്തിന് മതിയാകില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന്, കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഡ്വക്കറ്റ്, ദുബായ് സിവിൽ കോടതിയിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തിട്ടുണ്ട്. അപകടത്തിന് കാരണമായ ഇന്‍ഷൂറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ദുബായിലെ പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ ആണ് ആസിഫിന്റെ കുടുംബം കേസ് നടത്തിപ്പിനായി സമീപിച്ചത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള അഡ്വക്കറ്റ് മുഖേന ബ്രഡ് വിന്നർ സർട്ടിഫിക്കറ്റ്, ലീഗൽ ഹയേർസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ രേഖകളും സഹിതമാണ് കേസ് രജിസ്റ്റർ ചെയ്യുകയും ദിയാധനം ലഭ്യമാക്കുകയും ചെയ്തത്.
