റാസൽഖൈമയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് ഒന്നര ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

റാസൽഖൈമയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് ഒന്നര ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

റാസൽഖൈമ: യു.എ.ഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ പൗരന് ഒന്നര ലക്ഷം ദിർഹം (ഏകദേശം ഒരു കോടി 13 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ റാസൽഖൈമ കോടതി ഉത്തരവിട്ടു. പാക് സ്വദേശിയായ ഇംറാൻ അലി ഇഹ്‌സാൻ അലിക്കാണ് അനുകൂല വിധി ലഭിച്ചത്.

2024 മെയ് 22-നായിരുന്നു കേസിനാസ്പദമായ സംഭവം. റാസൽഖൈമയിൽ വെച്ച് ഒരു ഇമാറാത്തി വിദ്യാർത്ഥി ഓടിച്ചിരുന്ന ജി.എം.സി (GMC) വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം രണ്ട് വാഹനങ്ങൾക്കിടയിലൂടെ മോട്ടോർ സൈക്കിളിൽ വരികയായിരുന്നു ഇംറാൻ അലി. ഓവർടേക്ക് ചെയ്യാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടെ വാഹനം മോട്ടോർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഇംറാൻ അലിയുടെ നെഞ്ച്, ഇടത് തോൾ എന്നിവിടങ്ങളിൽ സാരമായ പരിക്കേൽക്കുകയും തലച്ചോറിന് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് കാരണക്കാരനായ ഇമാറാത്തി സ്വദേശിക്ക് ക്രിമിനൽ കോടതി 3,000 ദിർഹം പിഴ ചുമത്തിയിരുന്നു.

തുടർന്ന്, അപകടത്തിൽ സംഭവിച്ച ശാരീരിക പരിക്കുകൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും പരിഹാരം ആവശ്യപ്പെട്ട് ഇംറാൻ അലിയുടെ കുടുംബം സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇൻഷുറൻസ് കമ്പനിക്കെതിരെ ശക്തമായ രേഖകൾ സഹിതം നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു.

കേസ് പരിഗണിച്ച കോടതി, പരിക്കേറ്റ പാക് പൗരന് ഒരു ലക്ഷത്തി അമ്പതിനായിരം ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു.